അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിച്ച ചില കാര്യങ്ങളാണ് ഈ ഹദീഥിലുള്ളത്. (അവ ഇപ്രകാരമാണ്): അല്ലാഹു അവൻ്റെ മേൽ അതിക്രമം നിഷിദ്ധമാക്കിയിരിക്കുന്നു; അവൻ്റെ സൃഷ്ടികൾക്കിടയിലും അതിക്രമം അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ ഒരാളും മറ്റൊരാളോട് അതിക്രമം പ്രവർത്തിച്ചു കൂടാ. സൃഷ്ടികളെല്ലാം വഴികേടിലാണുള്ളത്; അല്ലാഹു സൻമാർഗം കാണിച്ചു നൽകുകയും അത് സ്വീകരിക്കാൻ സൗഭാഗ്യം നൽകുകയും ചെയ്തവരല്ലാതെ. ആരെങ്കിലും അല്ലാഹുവിനോട് സന്മാർഗം ചോദിച്ചാൽ അവൻ അവർക്ക് മാർഗം കാണിച്ചു നൽകുകയും അത് എളുപ്പമാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. എല്ലാ കാര്യങ്ങളിലും സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് അങ്ങേയറ്റം ആവശ്യമുള്ള പരമദരിദ്രരാണ്. ആരെങ്കിലും അല്ലാഹുവിനോട് തേടിയാൽ അവൻ്റെ കാര്യങ്ങൾ അല്ലാഹു നിറവേറ്റുന്നതും അവന് അല്ലാഹു മതിയാകുന്നതുമാണ്. ജനങ്ങളെല്ലാം രാത്രിയിലും പകലിലുമായി തിന്മകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു; അല്ലാഹു അവരുടെ തെറ്റുകൾ മറച്ചു പിടിക്കുകയും അവർ പാപമോചനം ചോദിക്കുമ്പോൾ അവർക്ക് പൊറുത്തു നൽകുകയും ചെയ്യുന്നു. അല്ലാഹുവിന് ഉപദ്രവമെത്തിക്കുക എന്നതോ അവന് ഉപകാരം ചെയ്യുക എന്നതോ ഒരു സൃഷ്ടിക്കും സാധ്യമായ കാര്യമല്ല. സൃഷ്ടികളെല്ലാം ഏറ്റവും ധർമ്മനിഷ്ഠയുള്ള ഒരാളുടെ ഹൃദയമുള്ളവരായിരുന്നെങ്കിലും അല്ലാഹുവിൻ്റെ അധികാരത്തിൽ അത് യാതൊരു വർദ്ധനവും വരുത്തുകയില്ല. എല്ലാവരും ഏറ്റവും മോശമായ ഹൃദയമുള്ള ഒരാളെ പോലെയായിരുന്നെങ്കിലും അവരുടെ മ്ലേഛതയോ തിന്മകളോ അല്ലാഹുവിൻ്റെ അധികാരത്തിൽ യാതൊരു കുറവും വരുത്തുന്നില്ല. കാരണം എല്ലാ സൃഷ്ടികളും അതീവദുർബലരും അല്ലാഹുവിലേക്ക് സമ്പൂർണ്ണ യാചകരുമാണ്. എല്ലാ കാര്യത്തിലും ഏതു സ്ഥലത്തും ഏതൊരു സന്ദർഭത്തിലും അല്ലാഹുവില്ലാതെ അവർക്ക് യാതൊന്നിനും കഴിയില്ല; അവനാകട്ടെ അവരുടെ യാതൊരു ആവശ്യവുമില്ലാത്ത സർവ്വ ധന്യതയുടെയും ഉടമസ്ഥനും. സൃഷ്ടികളെല്ലാം -അവരിലെ ജിന്നുകളും മനുഷ്യരും, ആദ്യത്തെയാൾ മുതൽ അവസാനത്തെയാൾ വരെയുള്ളവരും- ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അല്ലാഹുവിനോട് തങ്ങൾക്ക് വേണ്ടതെല്ലാം ചോദിക്കുകയും, അവർ ചോദിച്ചതെല്ലാം അല്ലാഹു അവർക്ക് നൽകുകയും ചെയ്താലും അവൻ്റെ പക്കലുള്ളതിൽ യാതൊരു കുറവുമുണ്ടാവുകയില്ല. ഒരു മൊട്ടുസൂചി സമുദ്രത്തിൽ മുക്കിയെടുത്താൽ അത് സമുദ്രത്തിൽ യാതൊരു കുറവുമുണ്ടാക്കുന്നില്ല എന്നത് പോലെത്തന്നെ! അല്ലാഹുവിൻ്റെ പരിപൂർണ്ണ ധന്യതയുടെ ഭാഗമാണത്. അല്ലാഹു അവൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു; ശേഷം അന്ത്യനാളിൽ അവർക്ക് അതിനുള്ള പ്രതിഫലം അവൻ പൂർണ്ണമായി നൽകുന്നതാണ്. ആ സന്ദർഭത്തിൽ തൻ്റെ പ്രതിഫലം നല്ലതാണെന്ന് ആരെങ്കിലും കാണുന്നുവെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ; അവനാണല്ലോ നന്മ ചെയ്യാൻ വഴിയൊരുക്കിയത്. എന്നാൽ ആരെങ്കിലും തൻ്റെ പ്രതിഫലം നന്മയല്ലാത്തതാണെന്ന് കാണുന്നെങ്കിൽ അവൻ തെറ്റുകൾ ചെയ്യാൻ കൽപ്പിച്ചു കൊണ്ടേയിരുന്ന തൻ്റെ സ്വന്തം മനസ്സിനെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല; അവനെ തീരാനഷ്ടത്തിലേക്ക് നയിച്ചത് അതാകുന്നു.