മുഅ്മിനായ ഓരോ മനുഷ്യനും അന്ത്യനാളിൽ അല്ലാഹുവിൻ്റെ മുൻപിൽ ഒറ്റക്ക് നിൽക്കേണ്ടി വരുമെന്നും, അല്ലാഹു അവനോട് ഒരു മദ്ധ്യസ്ഥനോ അല്ലാഹുവിനും അവനുമിടയിൽ ഒരു പരിഭാഷകനോ ഇല്ലാതെ സംസാരിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. അങ്ങനെ അവൻ തൻ്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും കടുത്ത ഭയത്തോടെ നോക്കും; തൻ്റെ മുൻപിലുള്ള നരകത്തിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലുമൊരു വഴികണ്ടെത്താൻ കഴിയുമോ എന്ന ആഗ്രഹത്തോടെയാണ് അവൻ നോക്കുന്നത്. തൻ്റെ വലതു ഭാഗത്തേക്ക് നോക്കിയാൽ അവൻ ചെയ്ത സൽകർമ്മങ്ങളല്ലാതെ മറ്റൊന്നും അവൻ കാണുന്നതല്ല. തൻ്റെ ഇടതുഭാഗത്തേക്ക് നോക്കിയാൽ അവൻ ചെയ്ത തെറ്റായ പ്രവർത്തനങ്ങളല്ലാതെ അവന് കാണാൻ കഴിയില്ല. തൻ്റെ മുൻപിലേക്ക് നോക്കിയാലാകട്ടെ, നരകമല്ലാതെ അവന് കാണാൻ സാധിക്കില്ല. അതിൽ നിന്ന് വഴിമാറിപ്പോകാൻ അവനാകട്ടെ സാധ്യവുമല്ല; കാരണം നരകത്തിൻ്റെ മുകളിൽ നാട്ടപ്പെട്ട സ്വിറാത്ത് പാലത്തിന് മുകളിലൂടെ സഞ്ചരിക്കാതെ അവൻ്റെ മുൻപിൽ മറ്റൊരു വഴിയുണ്ടാകില്ല. ശേഷം നബി -ﷺ- പറഞ്ഞു: "നിങ്ങൾക്കും നരകത്തിനും ഇടയിൽ സൽകർമ്മങ്ങളുടെയും ദാനധർമ്മങ്ങളുടെയും പരിച നിങ്ങൾ സ്വീകരിക്കുക; അത് വളരെ നിസ്സാരമായ ഒരു ഈത്തപ്പഴത്തിൻ്റെ പകുതി പോലുള്ള എന്തെങ്കിലും കൊണ്ടാണെങ്കിൽ പോലും..."