ഖുദ്സിയ്യായ ഈ ഹദീഥിൽ, അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു. ആരെങ്കിലും എൻ്റെ ഇഷ്ടദാസന്മാരിൽ പെട്ട ഒരാളെ ഉപദ്രവിക്കുകയോ അവനോട് കോപിക്കുകയോ അവനെ വെറുക്കുകയോ ചെയ്‌താൽ അവനോടുള്ള എൻ്റെ ശത്രുത ഞാൻ പ്രഖ്യാപിക്കുകയും പരസ്യമാക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിൻ്റെ ഇഷ്ടദാസൻ (വലിയ്യ് / ഔലിയ) എന്നത് കൊണ്ട് ഉദ്ദേശ്യം (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിക്കുകയും, (അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുന്ന) തഖ്‌വയോടെ ജീവിക്കുന്ന വ്യക്തിയാണ്. ഒരാൾക്ക് എത്രമാത്രം വിശ്വാസവും തഖ്‌വയും അധികരിക്കുന്നുവോ, അത്രയും അല്ലാഹുവിൻ്റെ പക്കൽ അയാൾക്കുള്ള സ്ഥാനവും ഇഷ്ടവും 'വലായത്തും' അധികരിക്കുന്നതാണ്. തൻ്റെ രക്ഷിതാവ് നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ -വാജിബുകൾ പ്രവർത്തിക്കുക എന്നതും ഹറാമുകൾ ഉപേക്ഷിക്കുക എന്നതും- അവന് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും ഒരു മുസ്‌ലിമും അവനിലേക്ക് സാമീപ്യം നേടിയിട്ടില്ല. നിർബന്ധകർമ്മങ്ങളോടൊപ്പം സുന്നത്തുകൾ കൂടെ പ്രവർത്തിച്ചു കൊണ്ട് അവൻ തൻ്റെ രക്ഷിതാവിലേക്ക് അടുത്തു കൊണ്ടിരിക്കും; അവൻ്റെ ഇഷ്ടം നേടിയെടുക്കുന്നത് വരെ. അങ്ങനെ അല്ലാഹു അവനെ സ്നേഹിച്ചാൽ പിന്നീട് അവൻ്റെ നാല് അവയവങ്ങളെയും നേരായ വഴിയിൽ തന്നെ നിലനിർത്തുന്നതാണ്. അവൻ്റെ കേൾവി അല്ലാഹു നേരായ വഴിയിലാക്കും; അവൻ പിന്നീട് അല്ലാഹുവിന് തൃപ്തിയുള്ളതല്ലാതെ കേൾക്കില്ല. അവൻ്റെ കാഴ്ചയെ അല്ലാഹു നേരായ വിധത്തിലാക്കും; പിന്നീട് അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ കാര്യത്തിലേക്കല്ലാതെ അവൻ്റെ നോട്ടം നീളുകയില്ല. അവൻ്റെ കൈകളെയും അല്ലാഹു ശരിയാക്കുന്നതാണ്; ആ കരങ്ങൾ കൊണ്ട് അല്ലാഹുവിന് തൃപ്തിയുള്ളതല്ലാതെ അവൻ പ്രവർത്തിക്കുകയില്ല. അവൻ്റെ കാലുകളെയും അല്ലാഹു നേരെയാക്കുന്നതാണ്; അല്ലാഹുവിന് തൃപ്തിയുള്ളതിലേക്കല്ലാതെ അവൻ്റെ കാൽപ്പാദങ്ങൾ ചലിക്കുകയില്ല. ചുരുക്കത്തിൽ, നന്മകളിലേക്കല്ലാതെ അവൻ്റെ പരിശ്രമങ്ങൾ ഉണ്ടാവുകയില്ല. ഇതിനെല്ലാം പുറമെ, അല്ലാഹുവിനോട് ഈ അടിമ എന്തെങ്കിലുമൊരു കാര്യം ചോദിച്ചാൽ അല്ലാഹു അവന് അത് നൽകുന്നതാണ്. പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നവനായി അവൻ മാറും. അല്ലാഹുവിനോട് അവൻ രക്ഷ തേടുകയും അവനിൽ അഭയം തേടുകയും ചെയ്താൽ അല്ലാഹൂ അവന് അഭയം നൽകുകയും അവൻ ഭയപ്പെടുന്നതിൽ നിന്ന് അല്ലാഹു അവനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ്. ശേഷം അല്ലാഹു പറയുന്നു: വിശ്വാസിയുടെ ജീവൻ എടുക്കുന്നതിൽ ഞാൻ ശങ്കിക്കുന്നത് പോലെ മറ്റൊരു കാര്യത്തിലും ഞാൻ ശങ്കിച്ചിട്ടില്ല മുഅ്മിനിനോടുള്ള അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണത്; മരണം വേദനയുള്ള കാര്യമാണെന്നതിനാൽ അവൻ മരണത്തെ വെറുക്കുന്നു. അല്ലാഹുവാകട്ടെ, അവന് അനിഷ്ടമുണ്ടാക്കുന്നത് വെറുക്കുകയും ചെയ്യുന്നു."