അല്ലാഹു പറഞ്ഞു എന്ന് അറിയിച്ചു കൊണ്ട്, 'ഖുദ്സിയ്യായ' ഈ ഹദീഥിൽ നബി -ﷺ- പറയുന്നു: ബഹുദൈവാരാധകരും നിഷേധികളും അല്ലാഹുവിനെ കളവാക്കുകയും അവനെ കുറിച്ച് ആക്ഷേപങ്ങളും മോശം വാക്കുകളും പറയുകയും ചെയ്യുന്നു. അതാകട്ടെ, അവർക്ക് അനുവദനീയമോ യോജിച്ചതോ ആയ കാര്യമായിരുന്നില്ല. അവർ കളവാക്കി എന്നത് കൊണ്ട് ഉദ്ദേശ്യം; അല്ലാഹു സൃഷ്ടികളെ അവരുടെ മരണത്തിന് ശേഷം പുനരുജ്ജീവിപ്പിക്കുകയോ, ആദ്യതവണ അവരെ സൃഷ്ടിച്ചതു പോലെ മടക്കുകയോ ചെയ്യില്ല എന്നുള്ള അവരുടെ വാദമാണ്. ശൂന്യതയിൽ നിന്ന് സൃഷ്ടിപ്പ് ആരംഭിച്ചവന് ഒരിക്കൽ കൂടെ അവരുടെ സൃഷ്ടിപ്പ് ആവർത്തിക്കുക എന്നത് സാധ്യമാണെന്നും, ആവർത്തനം ആരംഭത്തേക്കാൾ നിസ്സാരമാണെന്നും അല്ലാഹു അവർക്ക് മറുപടി നൽകുന്നു. യഥാർത്ഥത്തിൽ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സൃഷ്ടിപ്പ് ആരംഭിക്കുന്നതും ആവർത്തിക്കുന്നതും അവന് ഒരു പോലെയാണ്. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനത്രെ. അവർ അല്ലാഹുവിനെ ആക്ഷേപിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം; അവനൊരു സന്താനമുണ്ട് എന്ന അവരുടെ ജൽപ്പനമാണ്. അല്ലാഹു എല്ലാ നിലക്കും ഏകനും, സർവ്വ പൂർണ്ണതകളിലും അവൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ഏകത്വമുള്ളവനാണെന്നും, ഒരു ന്യൂനതയോ കുറവോ ഉണ്ടാവുന്നതിൽ നിന്ന് അവൻ പരിശുദ്ധനാണ് എന്നും, ഒരാളുടെയും സഹായമോ ആശ്രയമോ വേണ്ടതില്ലാത്ത നിരാശ്രയനാണെന്നും, ഏവരും അവനിലേക്ക് ആവശ്യക്കാരാണെന്നും അല്ലാഹു അറിയിക്കുന്നു. അവനൊരിക്കലും ആരുടെയും പിതാവാകുകയോ, അവന് ഒരു സന്താനമുണ്ടാവുകയോ ചെയ്തിട്ടില്ല. അവന് തുല്യനോ സമനോ ആയ യാതൊരാളും ഉണ്ടായിട്ടില്ല.