മുആദ് ബ്‌നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ നബി -ﷺ- യമനിലേക്ക് പ്രബോധകനായും അദ്ധ്യാപകനായും അയച്ചപ്പോൾ ക്രിസ്ത്യാനികളിൽ പെട്ട ഒരു ജനതയാണ് യമനിൽ അദ്ദേഹത്തിന് അഭിമുഖീകരിക്കാനുണ്ടാവുക എന്ന് വിവരിച്ചുകൊടുത്തു; അവർക്കായി തയ്യാറെടുക്കുന്നതിനും ശേഷം അവരോടുള്ള പ്രബോധനത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കൊണ്ട് ആരംഭിക്കാനും ആ മുൻഗണനാ ക്രമം പാലിക്കാനും വേണ്ടിയാണ് അവിടുന്ന് അദ്ദേഹത്തിന് ഈ ഉപദേശം നൽകിയത്. ആദ്യം അവരെ ക്ഷണിക്കേണ്ടത് വിശ്വാസം ശരിയാക്കുന്നതിന് വേണ്ടിയായിരിക്കണം; ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കുന്നതിലൂടെ അത് സംഭവിക്കുന്നു. കാരണം അതിലൂടെ അവർ ഇസ്‌ലാമിൽ പ്രവേശിക്കുന്നു. ആദ്യത്തെ ഈ കൽപ്പന അംഗീകരിച്ചു കഴിഞ്ഞാൽ പിന്നീട് അവരോട് നമസ്കാരം നിലനിർത്താനാണ് കൽപ്പിക്കേണ്ടത്. കാരണം തൗഹീദ് (ഏകദൈവാരാധന) കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധബാധ്യത അതാണ്. നമസ്കാരം അവർ നിലനിർത്തിയാൽ അവരിലെ ധനികരോട് തങ്ങളുടെ സമ്പത്തിൽ നിന്ന് ദരിദ്രർക്ക് സകാത്ത് (നിർബന്ധ ദാനം) നൽകാൻ കൽപ്പിക്കണം. ഈ നിർദേശങ്ങൾക്ക് ശേഷം നബി -ﷺ- മുആദിനോട് അവരുടെ സമ്പത്തിൽ നിന്ന് ഏറ്റവും വിലപ്പെട്ടത് എടുക്കുന്നത് വിലക്കി; കാരണം മദ്ധ്യമനിലവാരത്തിലുള്ള സമ്പത്ത് മാത്രമേ നിർബന്ധമായും നൽകാൻ ബാദ്ധ്യതയുള്ളൂ. ശേഷം മറ്റുള്ളവരോട് അതിക്രമം ചെയ്യുന്നതിൽ നിന്ന് അകന്നു നിൽക്കാൻ നബി -ﷺ- അദ്ദേഹത്തോട് വസ്വിയ്യത്ത് ചെയ്തു; കാരണം അതിക്രമിക്കപ്പെട്ടവൻ അദ്ദേഹത്തിനെതിരെ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ്.