ഇസ്‌ലാം വന്നെത്തുന്നതിന് മുൻപ് ഖുറൈശികളിലെ തലവന്മാരിൽ പെട്ട ഒരാളായിരുന്നു അബ്ദുല്ലാഹി ബ്‌നു ജുദ്ആൻ. അയാളെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നത്. അദ്ദേഹം ചെയ്തിരുന്ന ചില നന്മകൾ ഉണ്ടായിരുന്നു; കുടുംബബന്ധം ചേർക്കലും അവരോട് നന്മ പ്രവർത്തിക്കലും ദരിദ്രർക്ക് ഭക്ഷണം നൽകലും മറ്റുമെല്ലാം അതിൽ പെട്ടതായിരുന്നു. ഇസ്‌ലാം പ്രോത്സാഹനം നൽകിയ നന്മകളിൽ പെട്ട ഇത്തരം കാര്യങ്ങൾ ചെയ്ത വ്യക്തിയാണെങ്കിലും പരലോകത്ത് അയാൾക്ക് അത് പ്രയോജനകരമാവില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം അയാൾ അല്ലാഹുവിനെ നിഷേധിച്ച വ്യക്തിയായിരുന്നു. ഒരു ദിവസം പോലും 'പരലോകദിനത്തിൽ എൻ്റെ തെറ്റുകൾ നീ എനിക്ക് പൊറുത്തു തരേണമേ' എന്ന് അല്ലാഹുവിനോട് അയാൾ പ്രാർത്ഥിക്കുകയുണ്ടായിട്ടില്ല.