നജ്ദുകാരിൽ പെട്ട ഒരാൾ നബി -ﷺ- യുടെ അടുക്കൽ വന്നു. അയാളുടെ മുടി ചിതറിക്കിടക്കുന്ന നിലയിലും, ശബ്ദം വളരെ ഉച്ചത്തിലുമായിരുന്നു. അദ്ദേഹം സംസാരിക്കുന്നത് കേൾക്കുന്നവർക്ക് ഗ്രഹിക്കാൻ സാധിച്ചിരുന്നില്ല. അങ്ങനെ നബി -ﷺ- യുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം ഇസ്‌ലാമിലെ വിധിവിലക്കുകളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചോദിക്കാൻ ആരംഭിച്ചു. നബി -ﷺ- നിസ്കാരത്തെ കുറിച്ചാണ് അയാൾക്ക് ആദ്യം പറഞ്ഞു കൊടുത്തത്. എല്ലാ ദിവസവും, രാവിലെയും രാത്രിയുമായി അഞ്ചു നേരത്തെ നിസ്കാരം അല്ലാഹു അയാൾക്ക് മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവിടുന്ന് അറിയിച്ചു. അപ്പോൾ അയാൾ ചോദിച്ചു: ഈ അഞ്ചു നേരത്തെ നിസ്കാരങ്ങൾ അല്ലാതെ മറ്റേതെങ്കിലും നിസ്കാരം എൻ്റെ മേൽ നിർബന്ധമുണ്ടോ? നബി -ﷺ- പറഞ്ഞു: "ഇല്ല. ഐഛികമായ നിസ്കാരങ്ങൾ നിനക്ക് നിർവഹിക്കാം എന്നല്ലാതെ." ശേഷം നബി -ﷺ- പറഞ്ഞു: റമദാൻ മാസത്തിലെ നോമ്പും അല്ലാഹു നിനക്ക് മേൽ നിർബന്ധമാക്കിയ കാര്യങ്ങളിൽ പെട്ടതാണ്. അപ്പോൾ ആഗതൻ ചോദിച്ചു: "റമദാൻ മാസത്തിലെ ഈ നോമ്പല്ലാതെ മറ്റേതെങ്കിലും നോമ്പുകൾ എനിക്ക് മേൽ നിർബന്ധമുണ്ടോ?" നബി -ﷺ- പറഞ്ഞു: "ഇല്ല. നിനക്ക് ഐഛികമായ നോമ്പുകൾ എടുക്കാം എന്നല്ലാതെ." ശേഷം നബി -ﷺ- സകാത്തിനെ കുറിച്ച് പറഞ്ഞു. ആഗതൻ ചോദിച്ചു: നിർബന്ധമായ സകാത്ത് നൽകിയാൽ മറ്റേതെങ്കിലും ദാനധർമങ്ങൾ എനിക്ക് മേൽ നിർബന്ധമുണ്ടോ? നബി -ﷺ- പറഞ്ഞു: ഇല്ല. നീ ഐഛികമായി വല്ലതും ചെയ്യുന്നെങ്കിലല്ലാതെ. നബി -ﷺ- ഈ വിധിവിലക്കുകളും നിർബന്ധ ബാധ്യതകളും വിശദീകരിച്ചു നൽകുന്നത് കേട്ടതിന് ശേഷം ആഗതൻ തിരിഞ്ഞു നടന്നു. താൻ കേട്ട കാര്യത്തിൽ എന്തെങ്കിലുമൊന്ന് വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യുകയില്ല എന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ടായിരുന്നു അയാളുടെ മടക്കം. ഇതു കണ്ടപ്പോൾ നബി -ﷺ- ഉടനെ പറയുകയുണ്ടായി: അയാൾ ശപഥം ചെയ്തു പറഞ്ഞ കാര്യം സത്യമായി അയാൾ പുലർത്തുകയാണെങ്കിൽ അവൻ വിജയികളിൽ പെടുന്നതാണ്.