ബഹുദൈവാരാധകർ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്നും അവന് യാതൊരു പങ്കാളിയുമില്ല എന്നതും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ നിന്നുള്ള പ്രവാചകനാണ് എന്നതും സാക്ഷ്യം വഹിക്കുകയും, അതിൻ്റെ തേട്ടമനുസരിച്ച് ജീവിച്ചു കൊണ്ട് അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിലനിർത്തുകയും, അർഹതപ്പെട്ടവർക്ക് സകാത്ത് നൽകുകയും ചെയ്യുന്നത് വരെ അവരോട് യുദ്ധം ചെയ്യാൻ അല്ലാഹു തന്നോട് കൽപ്പിച്ചിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. ഈ പറയപ്പെട്ട കാര്യങ്ങൾ അവർ പ്രാവർത്തികമാക്കിയാൽ അതോടെ ഇസ്‌ലാം അവരുടെ ജീവനും സമ്പത്തിനും സംരക്ഷണം നൽകുന്നതാണ്. അതോടെ അവരെ വധിക്കുക എന്നത് നിഷിദ്ധമാകുന്നതാണ്; എന്നാൽ ഇസ്‌ലാമിക ശിക്ഷാനിയമ പ്രകാരം വധശിക്ഷക്ക് അർഹമായ എന്തെങ്കിലും കുറ്റകൃത്യങ്ങളോ അതിക്രമങ്ങളോ അവർ പ്രവർത്തിച്ചാൽ ഇസ്‌ലാമിക വിധിവിലക്കുകളുടെ ഭാഗമായി പ്രസ്തുത ശിക്ഷാവിധി നടപ്പിലാക്കപ്പെടുന്നതാണ്. പരലോകത്ത് അവരുടെ വിചാരണ അല്ലാഹുവിങ്കലാണ്, കാരണം അവനാണല്ലോ അവരുടെ രഹസ്യങ്ങളെ കുറിച്ച് അറിവുള്ളവൻ.