പ്രവർത്തനങ്ങൾ ആറു തരമുണ്ടെന്നും, ജനങ്ങൾ നാലു വിഭാഗങ്ങളുണ്ടെന്നും നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. ആറുതരത്തിലുള്ള പ്രവർത്തനങ്ങൾ താഴെ പറയുന്നതാണ്: ഒന്ന്: ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർക്കാതെ മരിച്ചാൽ അവന് സ്വർഗപ്രവേശനം നിർബന്ധമാകുന്നതാണ്. രണ്ട്: ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്തു കൊണ്ട് മരിച്ചാൽ അവന് നരകം നിർബന്ധമാകുന്നതാണ്. അവനതിൽ ശാശ്വതമായി ശിക്ഷിക്കപ്പെടുന്നതുമാണ്. ഈ രണ്ട് പ്രവർത്തനങ്ങൾ -തൗഹീദും ശിർക്കും - സ്വർഗനരകങ്ങളെ നിർബന്ധമാക്കുന്ന കാര്യങ്ങളാണ്. മൂന്ന്: ഉദ്ദേശത്തിലൂടെ രേഖപ്പെടുത്തപ്പെടുന്ന നന്മയാണ്. ഒരാൾ എന്തെങ്കിലും നന്മ പ്രവർത്തിക്കണം എന്ന് ഉദ്ദേശിക്കുകയും, ഹൃദയത്തിൽ സത്യസന്ധമായ തീരുമാനം അവനുണ്ടായിരിക്കുകയും, മനസ്സറിയുന്ന രൂപത്തിൽ അക്കാര്യം അവൻ ആഗ്രഹിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ ഈ ഉദ്ദേശ്യം അറിയുകയും അവന് ഒരു നന്മ രേഖപ്പെടുത്തുകയും ചെയ്യും. എന്തെങ്കിലുമൊരു കാരണത്താൽ അവന് ഈ നന്മ പ്രവർത്തിക്കാൻ സാധിക്കാതെ വന്നാലും അവന് പൂർണ്ണമായ ഒരു നന്മ രേഖപ്പെടുത്തപ്പെടും. നാല്: പ്രവർത്തിച്ചു പോയ തിന്മകൾ; ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ അവന് അത് ഒരു തിന്മയായി രേഖപ്പെടുത്തപ്പെടും. ഈ രണ്ട് പ്രവർത്തനങ്ങളും - ഇരട്ടിപ്പിക്കലില്ലാതെ - തുല്യത്തിന് തുല്യമായി രേഖപ്പെടുത്തപ്പെടുന്നവയാണ്. അഞ്ച്: പത്തിരട്ടി പ്രതിഫലം നൽകപ്പെടുന്ന നന്മകൾ; ഒരാൾ ഒരു നന്മ ചെയ്യാൻ ഉദ്ദേശിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്താൽ അവന് പത്ത് നന്മകൾ രേഖപ്പെടുത്തപ്പെടും. ആറ്: എഴുന്നൂറ് ഇരട്ടിയായി പ്രതിഫലം നൽകപ്പെടുന്ന നന്മകൾ; ആരെങ്കിലും അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും ദാനം നൽകിയാൽ അത് എഴുന്നൂറ് ഇരട്ടിയായി അവന് രേഖപ്പെടുത്തപ്പെടുന്നതാണ്. അല്ലാഹുവിൻ്റെ ഔദാര്യത്തിലും അവൻ്റെ അടിമകളോടുള്ള ഉദാരതയിലും പെട്ടതാണ് ഇക്കാര്യം. ജനങ്ങൾ നാല് തരക്കാരാണ്: ഒന്ന്: ഇഹലോകത്ത് ഉപജീവനത്തിൽ വിശാലത നൽകപ്പെടുകയും, അവിടെ ഉദ്ദേശിക്കുന്ന ആഗ്രഹങ്ങളെല്ലാം ലഭിച്ച് സുഖലോലുപനായി കഴിയുകയും ചെയ്ത ഒരാൾ. എന്നാൽ പരലോകത്ത് അവൻ്റെ പര്യവസാനം നരകത്തിലേക്കായിരിക്കും; അവിടെ അവന് ഇടുക്കമാണ് നൽകപ്പെടുക. ഭൗതികമായി സമ്പന്നതയുള്ള, എന്നാൽ അല്ലാഹുവിനെ നിഷേധിച്ച മനുഷ്യരാണ് ഈ വിഭാഗത്തിൽ പെടുക. രണ്ട്: ഇഹലോകത്ത് ഉപജീവനത്തിൽ ഇടുക്കം നൽകപ്പെട്ട, എന്നാൽ പരലോകത്ത് വിശാലത നൽകപ്പെടുന്നവർ. അവൻ്റെ പര്യവസാനം സ്വർഗത്തിലേക്കായിരിക്കും. ഭൗതിക സമ്പത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന മുഅ്മിനാണ് ഈ പറഞ്ഞതിൽ ഉൾപ്പെടുക. മൂന്ന്: ഇഹലോകത്തും പരലോകത്തും ഇടുക്കം നൽകപ്പെടുന്നവർ. ദരിദ്രരായ നിഷേധികൾ ഈ പറഞ്ഞതിൽ ഉൾപ്പെടും. നാല്: ഇഹലോകത്തും പരലോകത്തും വിശാലത നൽകപ്പെടുന്നവർ. സമ്പന്നരായ മുഅ്മിനുകൾ ഈ വിഭാഗത്തിലാണുള്ളത്.