നബി -ﷺ- യുടെ ഉമ്മത്തിൽ നിന്ന് അല്ലാഹു ഒരാളെ തിരഞ്ഞെടുക്കുന്നതാണ്. എല്ലാ സൃഷ്ടികൾക്കും മുൻപിൽ വെച്ച് അയാൾ വിചാരണക്കായി വിളിക്കപ്പെടും. ഇഹലോകത്ത് അയാൾ പ്രവർത്തിച്ചു കൂട്ടിയ അയാളുടെ തിന്മകൾ രേഖപ്പെടുത്തപ്പെട്ട തൊണ്ണൂറ്റിഒൻപത് ഏടുകൾ അയാൾക്ക് മുൻപിൽ വെക്കപ്പെടും. അതിലെ ഓരോ ഏടുകളും കണ്ണെത്തുന്ന ദൂരത്തോളം ഉണ്ടായിരിക്കും. ശേഷം ഈ വ്യക്തിയോട് അല്ലാഹു പറയും: "ഈ രേഖകളിൽ എഴുതപ്പെട്ട ഏതെങ്കിലും തിന്മ നീ നിഷേധിക്കുന്നുണ്ടോ? പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന എൻ്റെ മലക്കുകൾ നിന്നോട് അതിക്രമം പ്രവർത്തിച്ചിട്ടുണ്ടോ?!" അയാൾ പറയും: "ഇല്ല, എൻ്റെ രക്ഷിതാവേ!" അപ്പോൾ അല്ലാഹു പറയും: നീ ഇഹലോകത്ത് പ്രവർത്തിച്ച ഈ തിന്മകളുടെ കാര്യത്തിൽ എന്തെങ്കിലും ന്യായം നിനക്ക് ബോധിപ്പിക്കാനുണ്ടോ? മറന്നു കൊണ്ട് ചെയ്തതാണെന്നോ അബദ്ധം സംഭവിച്ചതാണെന്നോ അറിയാതെ പ്രവർത്തിച്ചതാണേന്നോ മറ്റോ..? അയാൾ പറയും: ഇല്ല, എൻ്റെ രക്ഷിതാവേ! എനിക്ക് യാതൊരു ന്യായവും പറയാനില്ല. അപ്പോൾ അല്ലാഹു പറയും: എന്നാൽ നിനക്ക് എൻ്റെ പക്കൽ ഒരു നന്മയുണ്ട്. ഇന്നേ ദിവസം നിന്നോട് അതിക്രമം ചെയ്യപ്പെടുന്നതല്ല. ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് രേഖപ്പെടുത്തിയ ഒരു കാർഡ് പുറത്തെടുക്കപ്പെടും. അയാളുടെ തുലാസ് കൊണ്ടുവരാൻ അല്ലാഹു കൽപ്പിക്കും. അപ്പോൾ ഈ മനുഷ്യൻ അത്ഭുതത്തോടെ പറയും: എൻ്റെ രക്ഷിതാവേ! ഈ ഏടുകൾക്ക് മുൻപിൽ ഈ ഒരൊറ്റ ചീട്ടിൻ്റെ ഭാരം എന്തായിരിക്കും? അല്ലാഹു പറയും: നിന്നോട് ഒരു അനീതിയും ചെയ്യപ്പെടുന്നതല്ല. അങ്ങനെ ഏടുകൾ തുലാസിൻ്റെ ഒരു തട്ടിലും, കാർഡ് മറ്റൊരു തട്ടിലും വെക്കപ്പെടും. അതോടെ ഏടുകൾ വെച്ച തട്ടിൻ്റെ ഭാരം കുറയുകയും, കാർഡ് വെച്ച തട്ടിൻ്റെ ഭാരം കനമുള്ളതാവുകയും ചെയ്യും. അതോടെ അല്ലാഹു അവൻ്റെ തിന്മകൾ അവന് പൊറുത്തു കൊടുക്കുകയും ചെയ്യും.