ഉഥ്മാൻ അശ്ശഹ്ഹാമും ഫർഖദ് അസ്സബ്ഖിയും സ്വഹാബീവര്യനായ അബൂബക്റയുടെ മകൻ മുസ്‌ലിമിനോട് ഒരു കാര്യം ചോദിച്ചറിയാൻ വേണ്ടി യാത്ര പുറപ്പെട്ടു. അദ്ദേഹത്തിൻ്റെ പിതാവ് ഫിത്നയെ കുറിച്ചും മുസ്‌ലിംകൾക്കിടയിൽ ഉണ്ടാകുന്ന കുഴപ്പങ്ങളും യുദ്ധങ്ങളും പരാമർശിക്കുന്ന നബി ﷺ യുടെ ഹദീഥ് എന്തെങ്കിലും പറയുന്നതായി കേട്ടിട്ടുണ്ടോ എന്നായിരുന്നു അവർക്ക് ചോദിക്കാനുണ്ടായിരുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു: "അതെ. നബി ﷺ അവിടുത്തെ വഫാത്തിന് (മരണത്തിന്) ശേഷം ഫിത്നകൾ ഉടലെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആ കുഴപ്പങ്ങളിൽ നടക്കുന്നവനേക്കാൾ നല്ലത് അതിനെ അവഗണിച്ചു കൊണ്ടും അക്കാര്യത്തെ കുറിച്ച് അന്വേഷിക്കുകയോ അതിൽ പങ്കുചേരുകയോ ചെയ്യാതെ മാറിയിരിക്കുന്നവനായിരിക്കുമെന്നും, കുഴപ്പങ്ങൾ തേടിപ്പിടിക്കുകയും അതിൽ പങ്കുചേരാനായി ഓടുകയും ചെയ്യുന്നവനേക്കാൾ നല്ലത് അതിൽ നടക്കുക മാത്രം ചെയ്യുന്നവനായിരിക്കുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്. ഒരാളുടെ കാലഘട്ടത്തിൽ കുഴപ്പങ്ങൾ ഉടലെടുക്കുകയും അവൻ്റെ പക്കൽ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയുന്ന ഒരു അഭയസ്ഥാനം ഉണ്ടായിരിക്കുകയുമാണെങ്കിൽ അവൻ അവിടെ അഭയം തേടട്ടെ എന്ന് നബി ﷺ ഉപദേശിക്കുന്നു. ആർക്കെങ്കിലും മേയ്ക്കാൻ ഒട്ടകമുണ്ടെങ്കിൽ അവൻ തൻ്റെ ഒട്ടകത്തിൻ്റെ അടുത്തേക്ക് പോകട്ടെ. ആർക്കെങ്കിലും ആടുമാടുകളുണ്ടെങ്കിൽ അവൻ അതിനെ മേയ്ച്ചു നടക്കട്ടെ. ആർക്കെങ്കിലും കുറച്ച് ഭൂപ്രദേശമോ കൃഷിയിടമോ ഉടമസ്ഥതയിലുണ്ടെങ്കിൽ അവൻ തൻ്റെ സ്ഥലത്ത് ഒതുങ്ങിയിരിക്കട്ടെ. അപ്പോൾ സ്വഹാബികളിൽ ഒരാൾ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ! ഒരാൾക്ക് അഭയം തേടാൻ ഒട്ടകങ്ങളോ ആടുമാടുകളോ ഭൂമിയോ ഇല്ലെങ്കിൽ അവൻ്റെ കാര്യം എന്താണ്? നബി ﷺ പറഞ്ഞു: "അവൻ തൻ്റെ ആയുധം എടുത്ത് അത് ചതച്ച് ഒടിച്ചു കളയട്ടെ. ശേഷം അവൻ ഓടിരക്ഷപ്പെടുകയും തന്നെയും തൻ്റെ മക്കളെയും രക്ഷപ്പെടുത്താൻ സാധിക്കുമെങ്കിൽ അതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യട്ടെ." ശേഷം നബി ﷺ അല്ലാഹുവിനെ സാക്ഷി നിർത്തി കൊണ്ട് മൂന്ന് തവണ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?! അല്ലാഹുവേ! ഞാൻ നിൻ്റെ സന്ദേശം എത്തിച്ചു നൽകിയില്ലേ?!" അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മുസ്‌ലിംകൾക്കിടയിൽ സംഭവിച്ച കുഴപ്പത്തിൽ പരസ്പരം പോരടിക്കുന്ന രണ്ട് കക്ഷികളിലോ രണ്ട് അണികളിലോ ഏതെങ്കിലുമൊന്നിൽ ചേരാൻ ഞാൻ നിർബന്ധിക്കപ്പെട്ടാലോ?! തൻ്റെ ആയുധം കൊണ്ട് ഒരാൾ എന്നെ അക്രമിക്കുകയും, ആ കുഴപ്പത്തിൽ എയ്യപ്പെട്ട ഒരു അമ്പ് എന്നെ കൊലപ്പെടുത്തുകയും ചെയ്താലോ?!" നബി ﷺ പറഞ്ഞു: "അവൻ തൻ്റെ സ്വന്തം തിന്മകളും അവൻ വധിച്ചവരുടെ തിന്മകളും വഹിച്ചു കൊണ്ട് അന്ത്യനാളിൽ വന്നെത്തുകയും, നരക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്."