മുസ്‌ലിം ഭരണാധികാരികൾക്കുള്ള അനുസരണം അവസാനിപ്പിക്കുകയും, ഒരു ഭരണാധികാരിക്ക് കീഴിൽ ഒരുമിച്ചിട്ടുള്ള മുസ്‌ലിം പൊതുജമാഅത്തിനോട് എതിരാവുകയും, ഈ അവസ്ഥയിൽ മരണപ്പെടുകയും ചെയ്യുന്ന വ്യക്തി ജാഹിലിയ്യാ കാലഘട്ടത്തിലെ ജനങ്ങളുടെ മരണമാണ് വരിച്ചിരിക്കുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ജാഹിലിയ്യാ കാലഘട്ടത്തിലെ ജനങ്ങൾ ഏതെങ്കിലും ഭരണാധികാരിയെ അനുസരിക്കുകയോ, ഏതെങ്കിലും ഐക്യപ്പെട്ട കൂട്ടത്തിലേക്ക് ചേർന്നു നിൽക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. മറിച്ച്, അവർ വ്യത്യസ്ത കക്ഷികളായി ചിഹ്നഭിന്നമായി നിലകൊള്ളുകയും, പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയുമാണ് ചെയ്തിരുന്നത്. സത്യവും അസത്യവും വേർതിരിച്ചറിയാൻ കഴിയാത്ത വിധം നിലകൊള്ളുന്ന ഏതെങ്കിലുമൊരു കൊടിക്കൂറക്ക് കീഴിൽ ആരെങ്കിലും യുദ്ധം ചെയ്യുകയും, ഇസ്‌ലാം ദീനിനെയും സത്യത്തെയും സഹായിക്കണമെന്ന ഉദ്ദേശ്യമില്ലാതെ തൻ്റെ ഗോത്രത്തിനോ ജനതക്കോ വേണ്ടിയുള്ള അന്ധമായ കക്ഷിത്വത്തിൽ മറ്റുള്ളവരോട് കോപിക്കുകയും അങ്ങനെ വ്യക്തമായ ഉൾക്കാഴ്ച്ചയോ വിജ്ഞാനമോ ഇല്ലാതെ പരസ്പരം പോരടിക്കുകയും അങ്ങിനെ അവൻ കൊല്ലപ്പെടുകയും ചെയ്‌താൽ അവൻ്റെ മരണവും ജാഹിലിയ്യാ മാർഗത്തിലായിരിക്കും. ഇതു പോലെ, മുഹമ്മദ് നബി -ﷺ- യുടെ ഉമ്മത്തിനെതിരെ പുറപ്പെടുകയും, അവരിലെ നല്ലവരെയും ചീത്തവരെയും വധിക്കുകയും, വിശ്വാസികളെ കൊലപ്പെടുത്താൻ ഒരു ഭയവുമില്ലാതിരിക്കുകയും, ഭരണാധികാരികൾക്കും അമുസ്‌ലിംകൾക്കും മറ്റും നൽകിയ കരാറുകളും ഉടമ്പടികളും പാലിക്കാതിരിക്കുകയും ചെയ്യുക വൻപാപങ്ങളിൽ പെട്ട തിന്മയാണ്. ആരെങ്കിലും അപ്രകാരം ചെയ്താൽ അവന് ഈ ഹദീഥിൽ പറയപ്പെട്ട കഠിനമായ താക്കീത് ബാധകമായിരിക്കുന്നു.