നബി -ﷺ- തങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു നൽകിയിട്ടുണ്ട് എന്ന കാര്യം അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. പ്രസംഗങ്ങളുടെയും (ഖുത്ബകളുടെയും) തങ്ങളുടെ ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിൻ്റെയും തുടക്കത്തിൽ പറയേണ്ട വാക്കുകളാണിത്. ഉദാഹരണത്തിന് വിവാഹത്തിന് മുൻപുള്ള ഖുതുബയിലും, ജുമുഅഃ ഖുതുബയിലും മറ്റുമെല്ലാം. ഈ വാക്കുകളിൽ അതിമഹത്തരമായ ചില പാഠങ്ങളും ആശയങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. എല്ലാ വിധത്തിലുള്ള സ്തുതികൾക്കും അല്ലാഹു അർഹനാണെന്ന പ്രഖ്യാപനവും, അവനിൽ ഒരാളെയും പങ്കുചേർക്കാതെ അവനിൽ നിന്നു മാത്രമായുള്ള സഹായതേട്ടവും, തൻ്റെ തിന്മകളെ മറച്ചു വെക്കുകയും പൊറുത്തു തരികയും ചെയ്യണമെന്ന പ്രാർത്ഥനയും, എല്ലാ തിന്മകളിൽ നിന്നും സ്വന്തത്തിൻ്റെ ഉപദ്രവങ്ങളിൽ നിന്നുമുള്ള രക്ഷാതേട്ടവും അതിലുണ്ട്. ശേഷം സന്മാർഗം നൽകുന്നത് അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ മാത്രമാണെന്നും, ആരെയെങ്കിലും അല്ലാഹു നേർമാർഗത്തിലേക്ക് നയിച്ചാൽ അവനെ വഴികേടിലാക്കാൻ ആരുമില്ലെന്നും, ആരെയെങ്കിലും അവൻ വഴികേടിലാക്കിയാൽ അവനെ നേർവഴിയിലാക്കാൻ ആരുമില്ലെന്നും ഈ വാക്കുകളിലൂടെ അറിയിക്കുന്നു. അതിന് ശേഷം അല്ലാഹുവിനെ ഏകനാക്കുന്ന, ആരാധനകൾ അവന് മാത്രം അർഹതപ്പെട്ടതാണെന്ന് അറിയിക്കുന്ന സാക്ഷ്യവചനവും (ശഹാദതുത്തൗഹീദ്), മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്ന് അറിയിക്കുന്ന സാക്ഷ്യവചനവും (ശഹാദത്തുർരിസാലഃ) പറയുന്നു. ഈ ഖുത്ബയുടെ അവസാനത്തിൽ അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് കൽപ്പിക്കുന്ന മൂന്ന് ഖുർആനിക വചനങ്ങൾ ഓർമ്മപ്പെടുത്തുന്നു. ആരെങ്കിലും അപ്രകാരം അല്ലാഹുവിനെ സൂക്ഷിച്ചാൽ അതിനുള്ള പ്രതിഫലമായി അവൻ്റെ പ്രവർത്തനങ്ങളും വാക്കുകളും അല്ലാഹു നല്ലതാക്കുമെന്നും, അവൻ്റെ തിന്മകൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്നും, ഇഹലോകത്ത് സുന്ദരമായ ജീവിതവും പരലോകത്ത് സ്വർഗം നേടിക്കൊണ്ടുള്ള വിജയവും അവനുണ്ടായിരിക്കുമെന്നും ഈ വചനങ്ങൾ അറിയിക്കുന്നു.