നബി -ﷺ- യുടെ നിസ്കാരത്തിൻ്റെ ഒരു ഭാഗം എപ്രകാരമായിരുന്നു എന്നാണ് ഈ ഹദീഥിലൂടെ വിവരിക്കുന്നത്. നബി -ﷺ- നിസ്കാരത്തിന് വേണ്ടി എഴുന്നേറ്റാൽ -നിസ്കാരത്തിൻ്റെ ആരംഭത്തിൽ- തക്ബീറത്തുൽ ഇഹ്റാം കെട്ടിക്കൊണ്ട് തക്ബീർ ചൊല്ലുമായിരുന്നു. ശേഷം റുകൂഇലേക്ക് പോകുമ്പോഴും, സുജൂദിലേക്ക് പോകുമ്പോഴും, സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും, രണ്ടാമത്തെ സുജൂദ് ചെയ്യുമ്പോഴും, സുജൂദുകളിൽ നിന്ന് തലയുയർത്തുമ്പോഴും, മൂന്നും നാല് റക്അത്തുള്ള നിസ്കാരങ്ങളാണെങ്കിൽ അവയിലെ രണ്ട് റക്അത്തുകൾക്ക് ശേഷം ഒന്നാമത്തെ തശഹ്ഹുദിൽ നിന്ന് എഴുന്നേൽക്കുമ്പോഴും തക്ബീർ ചൊല്ലാറുണ്ടായിരുന്നു. നിസ്കാരം അവസാനിക്കുന്നത് വരെ ഇപ്രകാരമാണ് അദ്ദേഹം ചെയ്തിരുന്നത്. റുകൂഇൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോൾ 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ശേഷം ആ നിർത്തത്തിൽ അദ്ദേഹം 'റബ്ബനാ ലകൽ ഹംദ്' എന്നും പറയും. നിസ്കാരം അവസാനിച്ചതിന് ശേഷം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങളിൽ നബി -ﷺ- യുടെ നിസ്കാരത്തോട് ഏറ്റവും സാദൃശ്യമുള്ളത് എനിക്കാകുന്നു. ഈ രൂപത്തിലായിരുന്നു നബി -ﷺ- ഈ ദുനിയാവിൽ നിന്ന് വേർപിരിയുന്നത് വരെ നിസ്കരിച്ചിരുന്നത്."