ഥാബിത് ബ്നു ഖയ്സിനെ തൻ്റെ സദസ്സിൽ കാണാതെ വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: "അദ്ദേഹം വരാതിരിക്കാനുള്ള കാരണമെന്താണെന്നും, അദ്ദേഹത്തിന് പറയാനുള്ളതെന്താണെന്നും ഞാൻ അന്വേഷിച്ച് അറിയിക്കാം." അങ്ങനെ ഥാബിതിൻ്റെ അരികിൽ ചെന്നപ്പോൾ അദ്ദേഹമതാ ദുഖിതനായി തലയും താഴ്ത്തി തൻ്റെ വീട്ടിൽ ഇരിക്കുന്നു. അന്വേഷകൻ ചോദിച്ചു: "താങ്കൾക്ക് എന്തു പറ്റി?!" ഥാബിത് തന്നെ ബാധിച്ച പ്രയാസത്തെ കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. താൻ നബി -ﷺ- യുടെ ശബ്ദത്തേക്കാൾ ശബ്ദം ഉയർത്താറുണ്ടായിരുന്നു എന്നും, അങ്ങനെ ശബ്ദം ഉയർത്തുന്നവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകുമെന്നും, അവർ നരകക്കാരിൽ ഉൾപ്പെടുമെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നബി -ﷺ- യുടെ അരികിലേക്ക് അന്വേഷകൻ തിരിച്ചു വരികയും ഇക്കാര്യമെല്ലാം അവിടുത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ഥാബിതിൻ്റെ അരികിലേക്ക് മടങ്ങിച്ചെല്ലാനും, അദ്ദേഹം നരകക്കാരിൽ പെട്ടവനല്ല എന്നും, മറിച്ച് സ്വർഗക്കാരിൽ പെട്ടവനാണെന്നും അദ്ദേഹത്തെ അറിയിക്കണമെന്നുമാണ് നബി -ﷺ- കൽപ്പിച്ചത്. കാരണം ഥാബിതിൻ്റെ പ്രകൃതം തന്നെ ഉയർന്ന ശബ്ദമുള്ളതായിരുന്നു. നബി -ﷺ- യുടെ പ്രാസംഗികനും, അൻസ്വാരികളുടെ ഖതീബ് എന്നും അറിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.