നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഹൃദയസ്പർശിയായ ഒരു ഉപദേശം നൽകി. അവരുടെ ഹൃദയങ്ങൾ അത് കേട്ടു ഭയന്നു വിറക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്തു. അപ്പോൾ സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇതൊരു വിടവാങ്ങുന്ന സംസാരം പോലെയുണ്ടല്ലോ?! നബി -ﷺ- യുടെ പ്രഭാഷണത്തിലെ പ്രയോഗങ്ങളിൽ നിന്ന് അവർക്കത് മനസ്സിലായിരുന്നു. അതിനാൽ നബി -ﷺ- യുടെ വിയോഗത്തിന് ശേഷം തങ്ങൾക്ക് മുറുകെ പിടിക്കാൻ കഴിയുന്ന ഒരു വസ്വിയ്യത്തിനായി അവർ ആവശ്യപ്പെട്ടു. നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ സൂക്ഷിക്കാൻ ഞാൻ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു." അല്ലാഹുവിൻ്റെ നിർബന്ധകൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയ നിഷിദ്ധവൃത്തികൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അല്ലാഹുവിനെ സൂക്ഷിക്കേണ്ടതും തഖ്‌വ പാലിക്കേണ്ടതും. ഭരണാധികാരിയെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക: നിങ്ങൾക്ക് മേൽ ബലപ്രയോഗത്തിലൂടെ ഒരു അടിമ അധികാരം കയ്യടക്കിയാലും അയാളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നർത്ഥം. ജനങ്ങളിൽ എത്ര സ്ഥാനം കുറഞ്ഞ വ്യക്തി അധികാരിയായാലും അയാൾക്കെതിരെ തിരിയുകയോ അയാളെ അനുസരിക്കാതിരിക്കുകയോ ചെയ്യരുത് എന്നർത്ഥം. നാട്ടിൽ കുഴപ്പങ്ങൾ ഉടലെടുക്കുമെന്ന ഭയത്താലാണ് നബി -ﷺ- ഈ നിർദേശം നൽകിയത്. പിന്നീട് തനിക്ക് ശേഷം ധാരാളം അഭിപ്രായഭിന്നതകൾ നിങ്ങൾ കാണേണ്ടി വരുമെന്ന് നബി -ﷺ- അറിയിച്ചു. ഈ ഭിന്നതകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയും നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. നബി -ﷺ- യുടെ ചര്യയായ അവിടുത്തെ സുന്നത്തും, സന്മാർഗത്തിൽ ചരിക്കുകയും മാർഗദർശനം നൽകപ്പെട്ടവരുമായ ഖുലഫാഉകളുടെ ചര്യയെയും മുറുകെ പിടിക്കുക എന്നതാണത്. അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ-, ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ-, ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ-, അലി ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- എന്നിവരാണ് ഈ ഖലീഫമാർ. ഈ ചര്യകളെ അണപ്പല്ലു കൊണ്ട് മുറുകെ പിടിക്കാനും അവിടുന്ന് കൽപ്പിച്ചു; സുന്നത്തിനെ മുറുകെ പിടിക്കുന്നതിൽ ഉണ്ടായിരിക്കേണ്ട കണിശതയും താൽപ്പര്യവും സൂചിപ്പിക്കാനാണ് ഇപ്രകാരം പറഞ്ഞത്. ദീനിൽ പുതുതായി നിർമ്മിക്കപ്പെടുന്ന കാര്യങ്ങളിൽ നിന്ന് നബി -ﷺ- അവർക്ക് താക്കീത് നൽകുകയും ചെയ്തു. എല്ലാ പുതിയ ആചാരങ്ങളും വഴികേടുകളാണെന്നും അവിടുന്ന് അറിയിച്ചു.