ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന ജനങ്ങളുടെ മേലുള്ള ബാധ്യതയിൽ കണിശത പുലർത്തുകയും, ജനങ്ങൾക്ക് അവരുടെ മേലുള്ള അവകാശങ്ങൾ തടഞ്ഞു വെക്കുകയും, ചെയ്യുന്ന ഭരണാധികാരികളെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. നീതി നടപ്പാക്കുക, യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് ജനങ്ങൾക്കുള്ള അവകാശം നൽകുക, അന്യായങ്ങൾ പരിഹരിക്കുക, ജനങ്ങളെ തുല്യമായി പരിഗണിക്കുക എന്നിങ്ങനെയുള്ള ബാധ്യതകൾ നിറവേറ്റാത്ത ഇത്തരം ഭരണാധികാരികളോട് ഞങ്ങൾ എന്തു ചെയ്യണമെന്നായിരുന്നു ചോദ്യം. നബി -ﷺ- ആ ചോദ്യം ആദ്യത്തിൽ അവഗണിക്കുകയാണുണ്ടായത്. അവിടുത്തേക്ക് ഇത്തരം ചോദ്യങ്ങൾ അനിഷ്ടകരമായതു പോലെ. എന്നാൽ ചോദ്യകർത്താവ് തൻ്റെ ചോദ്യം രണ്ടാം തവണയും മൂന്നാം തവണയും ആവർത്തിച്ചപ്പോൾ അശ്അസ് ബ്നു ഖയ്സ് എന്ന സ്വഹാബി അദ്ദേഹത്തെ നിശബ്ദനാക്കുന്നതിന് വേണ്ടി തൻ്റെ അടുത്തേക്ക് പിടിച്ചു വലിച്ചു. അപ്പോൾ നബി -ﷺ- അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരം നൽകി; അവിടുന്ന് പറഞ്ഞു: നിങ്ങൾ അവരുടെ വാക്കുകൾ കേൾക്കുകയും, അവരുടെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുക. അവരുടെ മേൽ ബാധ്യതയുള്ളത് അവർ നീതി പുലർത്തുകയും ഭരണീയരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുക എന്നുള്ളതാണ്. നിങ്ങളുടെ മേൽ ബാധ്യതയുള്ളത് അവരെ അനുസരിക്കുക എന്നതും, അവരോടുള്ള ബാധ്യതകൾ നിറവേറ്റുകയും, പ്രയാസത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക എന്നുള്ളതുമാണ്.