ഒരേ കാലഘട്ടത്തിൽ ഏറ്റവുമധികം നല്ലവരായ ജനങ്ങൾ ജീവിച്ചിരുന്നത് നബി ﷺ യുടെ കാലഘട്ടത്തിലാണെന്ന് അവിടുന്ന് അറിയിക്കുന്നു. അല്ലാഹുവിൻ്റെ ദൂതരും ﷺ സ്വഹാബികളുമുള്ള തലമുറയാണത്. ശേഷം ഏറ്റവും നല്ലവർ നബി ﷺ യെ കണ്ടിട്ടില്ലെങ്കിലും അവിടുത്തെ അനുചരന്മാരായ സ്വഹാബികളുമായി സന്ധിച്ച, സ്വഹാബികളുടെ കാലശേഷം വരുന്ന മുഅ്മിനീങ്ങളാണ് (താബിഈങ്ങൾ). അതിന് ശേഷം ഏറ്റവും നല്ലവർ അവരെ പിന്തുടർന്നു വരുന്നവരാണ് (അത്ബാഉത്താബിഈൻ). അതിന് ശേഷം നാലാമതൊരു തലമുറയെ കൂടെ നബി ﷺ എണ്ണിപ്പറഞ്ഞോ എന്നതിൽ ഹദീഥ് നിവേദനം ചെയ്ത സ്വഹാബിക്ക് സംശയമുണ്ട്. ശേഷം നബി ﷺ പറഞ്ഞു: "ഈ തലമുറകൾക്ക് ശേഷം വഞ്ചകരായ ഒരു ജനത ഉണ്ടാകുന്നതാണ്; ജനങ്ങൾക്ക് അവരിൽ വിശ്വാസമുണ്ടാകില്ല. അവരോട് സാക്ഷ്യം വഹിക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവർ സാക്ഷ്യം പറയാൻ ഇറങ്ങിത്തിരിക്കും. അവർ നേർച്ചകൾ നേരുമെങ്കിലും അവ പൂർത്തീകരിക്കുകയോ നിറവേറ്റുകയോ ഇല്ല. ഭക്ഷണപാനീയങ്ങളിൽ അതിരു കവിയുന്നതിനാൽ അവരിൽ അമിതവണ്ണം പ്രത്യക്ഷപ്പെടുന്നതായിരിക്കും."