നബിയുടെ (ﷺ) ഹദീഥ് പറയുന്ന വേളയിൽ ഞാൻ ഒരിക്കലും സൂചനകളിലൂടെയോ ദ്വയാർത്ഥം ഉദ്ദേശിച്ചു കൊണ്ടോ മറച്ചു വെച്ചു കൊണ്ടോ സംസാരിക്കുകയില്ല എന്ന് അലിയ്യു ബ്നു അബീത്വാലിബ് (رضي الله عنه) അറിയിക്കുന്നു. മറിച്ച് തീർത്തും സുവ്യക്തമായ രൂപത്തിലേ ഞാൻ സംസാരിക്കുകയുള്ളൂ. നബിയുടെ (ﷺ) ഒരു ഹദീഥ് പറയുന്ന വേളയിൽ അതിൽ കളവ് പറയുക എന്നതിനേക്കാൾ എനിക്ക് പ്രിയങ്കരം ആകാശത്ത് നിന്ന് ഞാൻ താഴേക്ക് പതിക്കുന്നതാണ്. എന്നാൽ ജനങ്ങളുമായുള്ള സംസാരങ്ങളിൽ ഞാൻ ചിലപ്പോൾ സൂചനകൾ മാത്രം നൽകുകയോ (പുറമേക്ക് ഒരർത്ഥം നൽകുന്നതും മനസ്സിൽ മറ്റൊന്ന് ഉദ്ദേശിക്കുന്നതുമായ) ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിക്കുകയോ, ചില കാര്യങ്ങൾ വ്യക്തമാക്കാതിരിക്കുകയോ ചെയ്തേക്കാം. കാരണം യുദ്ധമെന്നാൽ വഞ്ചനയാണ്. നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: അവസാന കാലത്ത് ചെറിയ പ്രായക്കാരായ യുവാക്കളിൽ പെട്ട ഒരു വിഭാഗം വന്നെത്തുന്നതാണ്. അപക്വരായ കൂട്ടമായിരിക്കും അവർ. ഖുർആൻ അവർ ധാരാളമായി പാരായണം ചെയ്യുകയും, അതിലെ വചനങ്ങൾ കേൾപ്പിക്കുകയും ചെയ്യുമെങ്കിലും ഇസ്‌ലാമിൽ നിന്നും അതിൻ്റെ വിധിവിലക്കുകളിൽ നിന്നും അക്കൂട്ടർ വേഗത്തിൽ തെറിച്ചു പോകുന്നതാണ്; അമ്പ് ലക്ഷ്യസ്ഥാനം തുളച്ചു തെറിച്ചു പോകുന്നത് പോലെ. അവരുടെ ഈമാൻ തൊണ്ടക്കുഴിയിൽ നിന്ന് അവരുടെ ഹൃദയത്തിലേക്ക് ഇറങ്ങിയിട്ടുണ്ടായിരിക്കുകയില്ല. നിങ്ങൾ അക്കൂട്ടരെ എവിടെ വെച്ച് കണ്ടാലും അവരെ വധിച്ചു കൊള്ളുക; അവരെ വധിക്കുന്നവർക്ക് അന്ത്യനാളിൽ മഹത്തരമായ പ്രതിഫലമുണ്ട്.