നബി -ﷺ- തൻ്റെ സ്വഹാബികൾക്കിടയിൽ ഇരിക്കുകയായിരുന്നു! അപ്പോൾ അവിടുന്ന് വിജ്ഞാനം ജനങ്ങളിൽ നിന്ന് ഉയർത്തപ്പെടുകയും ഊരിയെടുക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തെ കുറിച്ച് പറഞ്ഞു. ഇത് കേട്ടപ്പോൾ അൻസ്വാരികളിൽ പെട്ട സിയാദ് ബ്‌നു ലബീദ് അത്ഭുതപ്പെട്ടു. അദ്ദേഹം നബി -ﷺ- യോട് ചോദിച്ചു: "എങ്ങനെയാണ് വിജ്ഞാനം ഉയർത്തപ്പെടുകയും ഞങ്ങളിൽ നിന്ന് നഷ്ടപ്പെടുകയും ചെയ്യുക; ഞങ്ങൾ ഖുർആൻ പാരായണം ചെയ്യുകയും അത് മനപാഠമാക്കുകയും ചെയ്തിട്ടുണ്ടല്ലോ? അല്ലാഹു തന്നെ സത്യം! ഞങ്ങൾ അത് ഞങ്ങളുടെ സ്ത്രീകളെയും മക്കളെയും അവരുടെ മക്കളെയും പഠിപ്പിക്കുകയും ചെയ്യും?! അപ്പോൾ നബി -ﷺ- അത്ഭുതത്തോടെ സിയാദിനോട് ചോദിച്ചു: "സിയാദ്! കഷ്ടം! മദീനയിലെ പണ്ഡിതന്മാരുടെ കൂട്ടത്തിലായിരുന്നു ഞാൻ നിന്നെ എണ്ണിയിരുന്നത്! വിശുദ്ധ ഖുർആൻ നഷ്ടമാകുമെന്നല്ല വിജ്ഞാനം ഉയർത്തപ്പെടുക എന്നതിൻ്റെ ഉദ്ദേശ്യം എന്ന് ശേഷം നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. മറിച്ച് വിജ്ഞാനം നഷ്ടപ്പെടുന്നത് അത് പ്രാവർത്തികമാക്കപ്പെടാതിരിക്കുമ്പോഴാണ്. അതിന് ഉദാഹരണമാണ് യഹൂദരുടെയും നസ്വാറാക്കളുടെയും കാര്യം; അവരുടെ പക്കൽ തൗറാത്തും ഇഞ്ചീലുമെല്ലാമുണ്ട്. എന്നാൽ അതൊന്നും അവർക്ക് പ്രയോജനകരമായില്ല. അവ അവതരിപ്പിക്കപ്പെട്ടതിന്റെ യഥാർത്ഥ ലക്ഷ്യമെന്തോ അതവർ തിരിച്ചറിഞ്ഞില്ല. തങ്ങൾ പഠിക്കുന്നത് പ്രാവർത്തികമാക്കുക എന്നതായിരുന്നു അത്.