അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: ഞാൻ നബി -ﷺ- യിൽ നിന്ന് കേൾക്കുന്നതെല്ലാം മനപാഠമാക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതിയെടുക്കാറുണ്ടായിരുന്നു. അപ്പോൾ ഖുറൈശികളിൽ പെട്ട ചിലർ എന്നെ അതിൽ നിന്ന് വിലക്കി. അവർ പറഞ്ഞു: "നബി -ﷺ- ഒരു മനുഷ്യനാണ്. ദേഷ്യത്തിലും സന്തോഷത്തിലുമെല്ലാം അവിടുന്ന് സംസാരിക്കും. അവിടുത്തേക്ക് ചിലപ്പോൾ അബദ്ധം സംഭവിച്ചേക്കാം." അതോടെ അബ്ദുല്ലാഹി ബ്നു അംറ് എഴുത്ത് നിർത്തി വെച്ചു. പിന്നീട് അവർ പറഞ്ഞ കാര്യം അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അപ്പോൾ തൻ്റെ വായിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഏതു സന്ദർഭത്തിലും ഇവിടെ നിന്ന് സത്യമല്ലാതെ പുറത്തു വരികയില്ല; അത് സന്തോഷത്തിൻ്റെയോ ദേഷ്യത്തിൻ്റെയോ വേളയാകട്ടെ." നബി -ﷺ- യെ കുറിച്ച് അല്ലാഹു ഖുർആനിൽ പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കാം: "അവിടുന്ന് തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല. അത് അവിടുത്തേക്ക് നൽകപ്പെടുന്ന സന്ദേശം മാത്രമാകുന്നു." (നജ്മ്: 3-4)