തനിക്ക് മുൻപുള്ള നബിമാർക്കൊന്നും നൽകപ്പെട്ടിട്ടില്ലാത്ത അഞ്ച് പ്രത്യേക കാര്യങ്ങൾ അല്ലാഹു തനിക്ക് നൽകിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. ഒന്ന്: എൻ്റെ ശത്രുക്കൾക്കും എനിക്കുമിടയിൽ ഒരു മാസത്തെ വഴിദൂരമുണ്ടെങ്കിലും, അവരുടെ മനസ്സിൽ എന്നെ കുറിച്ചുള്ള ഭയം ഇട്ടുനൽകിക്കൊണ്ട് ഞാൻ സഹായിക്കപ്പെട്ടിരിക്കുന്നു. രണ്ട്: ഭൂമി മുഴുവൻ നമുക്ക് മസ്ജിദായി -നിസ്കരിക്കാൻ അനുയോജ്യമായ സ്ഥലമായി- നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ എവിടെയാണെങ്കിലും നമുക്ക് നിസ്കരിക്കുന്നതിന് തടസ്സമില്ല. അതോടൊപ്പം വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സമയങ്ങളിൽ ശുദ്ധി വരുത്താൻ കഴിവുള്ള വസ്തുവായി ഭൂമിയെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. മൂന്ന്: യുദ്ധാർജ്ജിത സ്വത്തുകൾ (ഗനീമഃ) നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. കുഫ്ഫാറുകളോടുള്ള യുദ്ധത്തിലൂടെ പിടിച്ചെടുക്കുന്ന സമ്പത്താണ് ഗനീമഃ എന്നത് കൊണ്ട് ഉദ്ദേശ്യം. നാല്: എനിക്ക് ഏറ്റവും വലിയ ശുപാർശ (ശഫാഅഃ ഉദ്മാ) നൽകപ്പെട്ടിരിക്കുന്നു. ഖിയാമത്ത് നാളിലെ ഭീതിതമായ നിൽപ്പിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകപ്പെടുക ഈ ശഫാഅത്ത് മുഖേനയായിരിക്കും. അഞ്ച്: സർവ്വ സൃഷ്ടികളിലേക്കുമായി കൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്; ജിന്നുകളിലേക്കും മനുഷ്യരിലേക്കുമായി. മുൻപുള്ള നബിമാർ അവരവരുടെ ജനതകളിലേക്ക് മാത്രമായിട്ടായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്.