നബി -ﷺ- യുടെ ഈ ഹദീഥിൽ അല്ലാഹു ഇസ്‌ലാമിന് ഒരു നേരായ വഴിയുടെ ഉപമ നൽകിയതിനെ കുറിച്ചാണ് അവിടുന്ന് വിവരിക്കുന്നത്. ഈ വഴി നേരെയുള്ളതും, യാതൊരു വളവുകളുമില്ലാത്തതുമാണ്. വഴിയുടെ രണ്ട് വശങ്ങളിലും അതിനെ വലയം ചെയ്തിരിക്കുന്ന രണ്ട് മതിലുകളുണ്ട്. അല്ലാഹുവിൻ്റെ മതപരമായ വിധിവിലക്കുകളായ അതിർവരമ്പുകളാണവ. ഈ മതിലുകളിൽ പലയിടത്തും മലർക്കെ തുറന്നിടപ്പെട്ട വാതിലുകളുണ്ട്; അല്ലാഹൂ നിഷിദ്ധമാക്കിയ കാര്യങ്ങളാണ് അവ. ഈ വാതിലുകൾക്കെല്ലാം വിരിപ്പുകളുണ്ട്; അതിനാൽ നേർവഴിയിലൂടെ സഞ്ചരിക്കുന്നവർക്ക് ആ മറക്കപ്പുറമുള്ളത് എന്താണെന്ന് കാണാനാകില്ല. വഴിയുടെ ആരംഭത്തിൽ ഒരാൾ അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും വഴിനയിക്കുകയും ചെയ്തു കൊണ്ട് നിൽക്കുന്നുണ്ട്; വശങ്ങളിലേക്കോ മറ്റോ തെറ്റിപ്പോകാതെ നേരെ ഈ വഴിയിലൂടെ സഞ്ചരിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. അല്ലാഹുവിൻ്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനാണ് ഈ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരാൾ വഴിയുടെ മുകളിലും പ്രബോധകനായി നിൽക്കുന്നു; വഴിയിലൂടെ സഞ്ചരിക്കുന്നവർ വശങ്ങളിലെ വാതിലുകളിലെ മറ ചെറുതായെങ്കിലും നീക്കാൻ ഉദ്ദേശിച്ചാൽ അദ്ദേഹം അവരെ അതിൽ നിന്ന് ശക്തമായി പിന്തിരിപ്പിക്കും; അദ്ദേഹം പറയും: നീയൊരിക്കലും അത് തുറക്കരുത്; അത് തുറന്നു കഴിഞ്ഞാൽ നീയതിൽ പ്രവേശിക്കുക തന്നെ ചെയ്യും. നിൻ്റെ സ്വന്തത്തെ അതിൽ നിന്ന് പിടിച്ചു വെക്കാൻ നിനക്ക് സാധിക്കുകയില്ല. ഓരോ മുസ്ലിമിൻ്റെയും മനസ്സിലുള്ള, അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ഉപദേശകനാണ് ഈ പ്രബോധകൻ.