മുഅ്മിനീങ്ങളുടെ മാതാവായ ഉമ്മു സലമഃ (رضي الله عنها) നബി (ﷺ) ഒരിക്കൽ ഇപ്രകാരം പറയുന്നത് കേൾക്കുകയുണ്ടായി: എന്തെങ്കിലുമൊരു പ്രയാസം ബാധിച്ചാൽ അതിന് ശേഷം പറയാനായി അല്ലാഹു പഠിപ്പിച്ച വാക്കുകൾ മുസ്‌ലിമായ ഒരാൾ പറഞ്ഞാൽ... അതായത്, "ഞങ്ങൾ അല്ലാഹുവിൻ്റേതാണ്. നാം അവനിലേക്കാണ് മടങ്ങുന്നത്." (ബഖറഃ: 156) എന്നും, അല്ലാഹുവേ, എൻ്റെ ഈ വിപത്തിനും അതിൽ ഞാൻ ക്ഷമ കൈക്കൊള്ളുന്നതിനും എനിക്ക് നീ പ്രതിഫലം നൽകുകയും, അതിനേക്കാൾ ഉത്തമമായത് എനിക്ക് നീ പകരം നൽകുകയും ചെയ്യേണമേ! എന്ന് (സാരമുള്ള ദുആ) പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു അതിനേക്കാൾ ഉത്തമമായത് അവന് നൽകാതിരിക്കുകയില്ല. ഉമ്മു സലമഃ (رضي الله عنها) പറഞ്ഞു: (അവരുടെ ആദ്യ ഭർത്താവായിരുന്ന) അബൂ സലമഃ (رضي الله عنه) മരണപ്പെട്ടപ്പോൾ അവർ പറഞ്ഞു: "അബൂ സലമഃയേക്കാൾ ഉത്തമനായ മറ്റാരുണ്ട് മുസ്‌ലിംകളുടെ കൂട്ടത്തിൽ?! അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) അടുത്തേക്ക് ആദ്യം പലായനം ചെയ്തു വന്നത് (അദ്ദേഹത്തിൻ്റെ കുടുംബമായിരുന്നു)." എന്നാൽ അല്ലാഹു എന്നെ അത് പറയാൻ സഹായിക്കുകയും ഞാൻ (നബി (ﷺ) പഠിപ്പിച്ച ദിക്ർ പറയുകയും ചെയ്തു. അബൂ സലമയേക്കാൾ ഉത്തമനായ, അല്ലാഹുവിൻ്റെ റസൂലിനെയാണ് (ﷺ) അല്ലാഹു എനിക്ക് പകരമായി നൽകിയത്.