ഇയാദ്വ് ബ്നു ഹിമാർ, -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരു ദിവസം നബി -ﷺ- ഞങ്ങളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു. ശേഷം അദ്ദേഹം വിവരിച്ച ഹദീഥിൽ ഇപ്രകാരം പറഞ്ഞു: "നിങ്ങൾ വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു; ഒരാളും മറ്റൊരാൾക്ക് മേൽ അഹങ്കരിക്കാതിരിക്കാനും, ആരും മറ്റൊരാളോടും അതിക്രമം ചെയ്യാതിരിക്കാനും. (നിങ്ങൾ അപ്രകാരം ചെയ്യുവിൻ)." صحيح - رواه مسلم
explain-icon

വിശദീകരണം

നബി -ﷺ- സ്വഹാബികളോട് പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നു കൊണ്ട് ചില കാര്യങ്ങൾ അവരെ അറിയിച്ചു. അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: ആളുകൾ നിർബന്ധമായും പരസ്പരം വിനയം കാണിക്കണമെന്ന് അല്ലാഹു അവിടുത്തേക്ക് വഹ്-യ് (സന്ദേശം) നൽകിയിരിക്കുന്നു. ജനങ്ങളോട് താഴ്മയോടെയും സൗമ്യതയോടെയും പെരുമാറിക്കൊണ്ടാണ് വിനയം കാത്തുസൂക്ഷിക്കേണ്ടത്. ആരും തന്റെ വംശത്തിന്റെ പേരിലോ സമ്പത്തിന്റെ പേരിലോ മറ്റെന്തെങ്കിലും പേരിലോ മറ്റൊരാൾക്ക് മേൽ ഔന്നത്യം അവകാശപ്പെടുകയോ അഹങ്കരിക്കുകയോ ചെയ്യാതിരിക്കാനും, ഒരാളും മറ്റൊരാളോടും അതിക്രമം കാണിക്കാതിരിക്കാനുമാണ് അവിടുന്ന് ഇപ്രകാരം കൽപ്പിച്ചത്.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വിനയം കാണിക്കാനും അഹങ്കാരവും ഔന്നത്യവും ഉപേക്ഷിക്കാനും ഈ ഹദീഥ് പ്രേരിപ്പിക്കുന്നു.
  • അതിക്രമവും അഹങ്കാരവും ഈ ഹദീഥിലൂടെ നബി -ﷺ- വിലക്കുന്നു.
  • അല്ലാഹുവിനോടുള്ള വിനയത്തിന് രണ്ട് അർത്ഥങ്ങളുണ്ട്: ഒന്നാമത്തെ അർത്ഥം: അല്ലാഹുവിന്റെ ദീനിനോട് വിനയം കാണിക്കുക എന്നതാണ്. ദീനിൻ്റെ കാര്യത്തിലും അതിന്റെ നിയമങ്ങൾ അനുഷ്ഠിക്കുന്നതിലും ഒരാൾ ഔന്നത്യം നടിക്കുകയോ അഹങ്കരിക്കുകയോ ചെയ്യരുത്. രണ്ടാമത്തെ അർത്ഥം: അല്ലാഹുവിന് വേണ്ടി അവന്റെ അടിമകളോട് വിനയം കാണിക്കുക എന്നതാണ്. അവരെ പേടിച്ചിട്ടോ, അവരുടെ കൈവശമുള്ളത് മോഹിച്ചിട്ടോ അല്ല, മറിച്ച് അല്ലാഹുവിന് വേണ്ടിയാകണം അത്.