ജനങ്ങളെ ഏറ്റവുമധികം സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന രണ്ട് കാര്യങ്ങളെ കുറിച്ച് നബി ﷺ അറിയിക്കുന്നു: അല്ലാഹുവിനെ സൂക്ഷിക്കുക എന്ന തഖ്‌വയും, സൽസ്വഭാവവുമാണത്. തഖ്‌വ എന്നാൽ: അല്ലാഹുവിൻ്റെ ശിക്ഷക്കും നിനക്കും ഇടയിൽ നീ ഒരു സംരക്ഷണകവചം നിശ്ചയിക്കലാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയുമാണ് അതിന് വേണ്ടി നീ ചെയ്യേണ്ടത്. സൽസ്വഭാവം എന്നാൽ: പ്രസന്നവദനം കാത്തുസൂക്ഷിക്കലും, ജനങ്ങൾക്ക് നന്മ ചെയ്യലും, അവരെ ഉപദ്രവിക്കാതിരിക്കലുമാണ്. മനുഷ്യരെ നരകത്തിൽ പ്രവേശിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങളും നബി ﷺ വിവരിച്ചു: നാവും ലൈംഗികാവയവുമാണത്. നാവ് കൊണ്ട് സംഭവിക്കുന്ന അനേകം തിന്മകളുണ്ട്; കളവും പരദൂഷണവും ഏഷണിയുമെല്ലാം അതിൽ ചിലതാണ്. ലൈംഗികായവയം കൊണ്ട് സംഭവിക്കുന്ന തിന്മകളിൽ പെട്ടതാണ് വ്യഭിചാരവും സ്വവർഗരതിയും മറ്റുമെല്ലാം.