നാല് കാര്യങ്ങളിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. ഒന്ന്: മുസ്‌ലിമായ ഒരു സ്ത്രീ അവളുടെ ഭർത്താവിൻ്റെയോ അവൾക്ക് വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകളിൽ പെട്ട ആരുടെയെങ്കിലുമോ കൂടെയെല്ലാതെ രണ്ട് ദിവസം ദൈർഘ്യമുള്ള യാത്രകൾ നടത്തുന്നത് അവിടുന്ന് വിലക്കി. സഹോദരൻ, പിതാവ്, സഹോദരപുത്രൻ, സഹോദരീപുത്രൻ, പിതൃസഹോദരൻ, മാതൃസഹോദരൻ തുടങ്ങി വിവാഹബന്ധം സ്ഥിരമായി നിഷിദ്ധമായവരാണ് ഇവിടെ പരിഗണിക്കപ്പെടുന്ന മഹ്റമുകൾ. രണ്ട്: ചെറിയ പെരുന്നാൾ ദിവസവും വലിയ പെരുന്നാൾ ദിവസവും നോമ്പ് നോൽക്കുന്നതിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. അത് നേർച്ചയുടെ ഭാഗമോ, സുന്നത്തായ നോമ്പ് എന്ന നിലക്കോ, പ്രായശ്ചിത്തത്തിൻ്റെ ഭാഗമായോ ആയാലും ശരി. മൂന്ന്: അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും, സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും നിസ്കരിക്കുന്നത് നബി -ﷺ- വിലക്കുന്നു. നാല്: നബി -ﷺ- എടുത്തു പറഞ്ഞ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ, ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പുണ്യവും ശ്രേഷ്ഠതയും നന്മകൾക്ക് കൂടുതൽ പ്രതിഫലവും നൽകപ്പെടുമെന്ന പ്രതീക്ഷയോടെ യാത്ര ചെയ്യാൻ പാടില്ലെന്ന് അവിടുന്ന് അറിയിക്കുന്നു. ഏതെങ്കിലുമൊരു മസ്ജിദിൽ നിസ്കരിക്കാൻ എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ ദീർഘ യാത്ര പോകാൻ പാടില്ല. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ എന്നീ മൂന്ന് മസ്ജിദുകളിൽ മാത്രമേ പുണ്യം അധികമായി നൽകപ്പെടുകയുള്ളൂ.