ഇഹലോകം രുചിക്കാൻ മധുരതരവും, കാഴ്ചയിൽ ഹരിതശോഭയുള്ളതുമാണെന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ മനുഷ്യൻ ചിലപ്പോൾ അതിൽ വഞ്ചിതനാവുകയും, അതിൽ പൂർണ്ണമായി വീണുപോവുകയും, തൻ്റെ ഏറ്റവും വലിയ ലക്ഷ്യമാക്കി ഇഹലോകത്തെ നിശ്ചയിക്കുകയും ചെയ്തേക്കാം. മനുഷ്യരെ ഈ ലോകജീവിതത്തിൽ അല്ലാഹു തലമുറകൾക്ക് ശേഷം തലമുറകളെന്നോണം തുടർച്ചയായി കൊണ്ടുവരുന്നതാണ്. നാം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, അല്ലാഹുവിനെ അനുസരിച്ചു കൊണ്ടാണോ അവനെ ധിക്കരിച്ചു കൊണ്ടാണോ നാം കഴിയുന്നതെന്നും നോക്കുന്നതിന് വേണ്ടിയാണ് അവൻ ഇപ്രകാരം നിശ്ചയിച്ചിരിക്കുന്നത്. ശേഷം നബി -ﷺ- പറഞ്ഞു: "ഇഹലോകത്തിൻ്റെ വിഭവങ്ങളും അലങ്കാരങ്ങളും നിങ്ങളെ വഞ്ചിക്കുന്നതിൽ നിന്ന് നിങ്ങൾ കരുതിയിരിക്കുക. അല്ലാഹു നിങ്ങളോട് കൽപ്പിച്ച കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലേക്കും, അവൻ നിങ്ങളെ വിലക്കിയതിൽ ആപതിക്കുന്നതിലേക്കും അവ നിങ്ങളെ കൊണ്ടെത്തിക്കാതിരിക്കട്ടെ." ഇഹലോകത്തിൻ്റെ പരീക്ഷണങ്ങളിൽ ഏറ്റവും കടുത്തതും ഗുരുതരമായിട്ടുള്ളതും സ്ത്രീകളുമായി ബന്ധപ്പെട്ട പരീക്ഷണമാണ്. ഇസ്രാഈൽ സന്തതികളിൽ ആദ്യമായി കുഴപ്പം സംഭവിച്ചത് ഇക്കാര്യത്തിലായിരുന്നു.