ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ചില ഭൗതിക സഹായങ്ങൾ നബി -ﷺ- യോട് ചോദിച്ചപ്പോൾ അവിടുന്ന് അദ്ദേഹത്തിന് അത് നൽകി; വീണ്ടും അദ്ദേഹം ചോദിച്ചപ്പോൾ നബി -ﷺ- വീണ്ടും അദ്ദേഹത്തിന് ശേഷം. ശേഷം അവിടുന്ന് പറഞ്ഞു: ഹേ ഹകീം! ഈ സമ്പത്ത് എന്നത് മനുഷ്യർക്ക് താൽപ്പര്യവും ആഗ്രഹവുമുള്ള കാര്യമാണ്. ആരെങ്കിലും ആവർത്തിച്ചുള്ള ചോദ്യവും അത്യാർത്തിയുമില്ലാതെ തനിക്ക് വന്നെത്തുന്ന സമ്പത്ത് കൈപ്പറ്റുകയാണെങ്കിൽ അവന് അതിൽ ബറകത്തും അനുഗ്രഹവും നൽകപ്പെടുന്നതാണ്. എന്നാൽ ആഗ്രഹത്തോടെയും ആർത്തിയോടെയും ആരെങ്കിലും ആ സമ്പത്ത് എടുത്താൽ അവന് അതിൽ ബറകത്ത് നൽകപ്പെടുന്നതല്ല. ഭക്ഷിച്ചു കൊണ്ടേയിരിക്കുന്നെങ്കിലും വയറു നിറയാത്ത ഒരു മനുഷ്യനെ പോലെയായിരിക്കും അവൻ. ദാനം നൽകുന്ന മുകളിലുള്ള കയ്യാണ് ചോദിച്ചു വാങ്ങുന്ന താഴെയുള്ള കയ്യിനേക്കാൾ അല്ലാഹുവിങ്കൽ ഉത്തമമായിട്ടുള്ളത്. ഇത് കേട്ടപ്പോൾ ഹകീം ബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ നിയോഗിച്ചവനായ അല്ലാഹു തന്നെ സത്യം! ഈ ദുനിയാവ് വേർപിരിഞ്ഞു പോകുന്നത് വരെ, അങ്ങേക്ക് ശേഷം ഒരാളുടെയും സമ്പത്ത് അവനിൽ നിന്ന് ചോദിച്ചു വാങ്ങിക്കൊണ്ട് അയാളുടെ സമ്പത്തിൽ ഞാൻ കുറവ് വരുത്തുകയില്ല." നബി -ﷺ- യുടെ ശേഷം ഖലീഫയായ അബൂബക്ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- പിന്നീട് ഹകീം ബ്നു ഹിസാമിനെ അദ്ദേഹത്തിന് നൽകാനുള്ള സമ്പത്ത് നൽകുന്നതിന് വേണ്ടി വിളിച്ചു വരുത്താറുണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് എന്തെങ്കിലുമൊന്ന് സ്വീകരിക്കാൻ ഹകീം സമ്മതിച്ചില്ല. പിന്നീട് അമീറുൽ മുഅ്മിനീൻ ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വും അദ്ദേഹത്തെ അത് നൽകാൻ വേണ്ടി വിളിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: മുസ്‌ലിം സഹോദരങ്ങളേ, -യുദ്ധമോ പടയോട്ടമോ വേണ്ടിവരാതെ കാഫിറുകളിൽ നിന്ന് ലഭിച്ച ഫയ്ഇൽ പെട്ട യുദ്ധാർജ്ജിത സ്വത്ത് അല്ലാഹു വീതം വെച്ചു നൽകിയത് പ്രകാരം- ഹകീമിന് അവകാശപ്പെട്ട പണം ഞാൻ അദ്ദേഹത്തിൻ്റെ മുന്നിൽ വെച്ചുനീട്ടിയുണ്ട്; എന്നാൽ അദ്ദേഹം അത് എടുക്കാൻ തയ്യാറായിട്ടില്ല. നബിയുടെ -ﷺ- ശേഷം, ഹകീം -رَضِيَ اللَّهُ عَنْهُ- മരണപ്പെടുന്നത് വരെയും ഒരാളുടെ സമ്പത്തിൽ നിന്നും അദ്ദേഹം ചോദിച്ചു വാങ്ങിയിട്ടില്ല.