മുസ്‌ലിമായ ഒരു വ്യക്തി ജമാഅത്തായി നിസ്കരിക്കുന്നതാണ് അവൻ തൻ്റെ വീട്ടിലോ അങ്ങാടിയിലോ ഇരുപതിൽപരം ചില്വാനം തവണ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠം എന്ന് നബി -ﷺ- അറിയിക്കുന്നു. ശേഷം അതിനുള്ള കാരണവും നബി -ﷺ- വിവരിച്ചു: ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് പൂർണ്ണമായും മനോഹരമായും നിർവ്വഹിക്കുകയും, ശേഷം മസ്ജിദിലേക്ക് പുറപ്പെടുകയും, നിസ്കാരമല്ലാത്ത മറ്റൊരു ലക്ഷ്യവും അവൻ അവിടേക്ക് വന്നെത്തുന്നതിന് പിറകിൽ ഇല്ലാതിരിക്കുകയുമാണെങ്കിൽ... അവൻ്റെ ഓരോ കാൽവെപ്പുകൾക്കും പകരമായി അവന് ഒരു പദവിയും സ്ഥാനവും ഉയർത്തപ്പെടുകയും, അതിലൂടെ അവൻ്റെ ഒരു തിന്മ പൊറുക്കപ്പെടുകയും ചെയ്യുന്നതാണ്. പിന്നീട് അവൻ മസ്ജിദിൽ പ്രവേശിക്കുകയും നിസ്കാരത്തിനായി കാത്തിരിക്കുകയും ചെയ്യാൻ തുടങ്ങിയാൽ അതോടെ അവന് നിസ്കരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ പ്രതിഫലം ലഭിച്ചു തുടങ്ങും. നിസ്കരിച്ച അതേ സ്ഥലത്ത് തന്നെ അവൻ തുടരുന്നിടത്തോളം മലക്കുകൾ അവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. അവർ പറയും: "അല്ലാഹുവേ! അവനോട് നീ കാരുണ്യം ചൊരിയണമേ! അല്ലാഹുവേ! അവന് നീ പൊറുത്തു കൊടുക്കണമേ! അല്ലാഹുവേ! നീ അവൻ്റെ മേൽ പശ്ചാത്താപം വർഷിക്കണമേ!" അവൻ്റെ വുദൂഅ് മുറിയുകയോ, ജനങ്ങൾക്കോ മലക്കുകൾക്കോ പ്രയാസം വരുത്തുന്ന എന്തെങ്കിലുമൊന്ന് അവൻ പ്രവർത്തിക്കുകയോ ചെയ്യുന്നത് വരെ ഇത് തുടർന്നു കൊണ്ടിരിക്കും.