മുആദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വാഹനപ്പുറത്ത് അവിടുത്തെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന വേളയിൽ നബി -ﷺ- അദ്ദേഹത്തെ മൂന്ന് തവണ വിളിച്ചു. ഇനി പറയാനിരിക്കുന്ന കാര്യത്തിൻ്റെ ഗൗരവം അദ്ദേഹത്തിൻ്റെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആവർത്തിച്ചുള്ള ഈ വിളികൾ. ഓരോ തവണയും നബി -ﷺ- തന്നെ വിളിച്ചപ്പോഴും മുആദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഞാൻ ആവർത്തിച്ചു ഉത്തരം നൽകുന്നു. അങ്ങയുടെ വിളിക്ക് ഉത്തരം നൽകുന്നതിൽ ഞാൻ എല്ലാ സൗഭാഗ്യവും കാണുന്നു." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന ആശയം പഠിപ്പിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കിന് സാക്ഷ്യം വഹിക്കുകയും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ; അവൻ്റെ ഹൃദയത്തിൽ നിന്ന് സത്യസന്ധമായി കൊണ്ടാണ് അവനത് പറയുന്നതെങ്കിൽ... ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ അല്ലാഹു അവൻ്റെ മേൽ നരകം നിഷിദ്ധമാക്കുന്നതാണ്." താൻ കേട്ട കാര്യം ജനങ്ങളെ അറിയിക്കുകയും അവർക്ക് സന്തോഷകരമായ ഈ വാർത്ത എത്തിച്ചു നൽകുകയും ചെയ്യട്ടയോ എന്ന് നബി -ﷺ- യോട് മുആദ് -رَضِيَ اللَّهُ عَنْهُ- അനുവാദം ചോദിച്ചു. എന്നാൽ ജനങ്ങൾ ഈ വിവരം അറിഞ്ഞാൽ അതിൻ്റെ മേൽ പ്രതീക്ഷ വെക്കുകയും, അവരുടെ പ്രവർത്തനങ്ങൾ കുറയാൻ അത് കാരണമാവുകയും ചെയ്തേക്കുമോ എന്ന് നബി -ﷺ- പേടിച്ചു. അതിനാൽ മരണത്തിൻ്റെ തൊട്ടുമുൻപുള്ള സന്ദർഭത്തിലാണ് മുആദ് -رَضِيَ اللَّهُ عَنْهُ- ഈ വിവരം മറ്റുള്ളവരോട് പറഞ്ഞത്. അറിവ് മറച്ചു വെച്ചതിനുള്ള തെറ്റ് തന്നെ ബാധിക്കുമോ എന്ന ഭയം കൊണ്ടായിരുന്നു അത്.