ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ചെറിയ കുട്ടിയായിരുന്നപ്പോൾ നബി ﷺ യുടെ പിറകിലിരുന്ന് യാത്ര ചെയ്ത സന്ദർഭത്തെ കുറിച്ചാണ് ഈ ഹദീഥിൽ അദ്ദേഹം നമ്മെ അറിയിക്കുന്നത്. (ഈ യാത്രാവേളയിൽ) നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചു തരാം! അല്ലാഹു അത് മുഖേന നിനക്ക് പ്രയോജനം ചെയ്യുന്നതാണ്. അല്ലാഹുവിനെ നീ സൂക്ഷിക്കുക; അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും. നന്മകളിലും സൽകർമ്മങ്ങളിലും അല്ലാഹു നിന്നെ കാണട്ടെ; തിന്മകളിലോ തെറ്റുകളിലോ അവൻ നിന്നെ കാണാതിരിക്കട്ടെ. ഇപ്രകാരം നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ അതിനുള്ള പ്രതിഫലം ഇഹലോകത്തും പരലോകത്തുമുള്ള പ്രയാസങ്ങളിൽ നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുമെന്നതാണ്. നീ എവിടെയായിരുന്നാലും നിൻ്റെ ആവശ്യങ്ങളിലെല്ലാം അവൻ നിനക്ക് സഹായമേകുന്നതാണ്. നിനക്ക് എന്തെങ്കിലുമൊരു കാര്യം ചോദിക്കേണ്ടി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ ചോദിക്കരുത്. കാരണം അവൻ മാത്രമാകുന്നു ചോദ്യങ്ങൾക്കും തേട്ടങ്ങൾക്കും ഉത്തരം നൽകുന്നവൻ. നിനക്ക് സഹായം ആവശ്യമായി വന്നാൽ അല്ലാഹുവിനോടല്ലാതെ നീ സഹായം തേടുകയുമരുത്. ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു പ്രയോജനം ചെയ്യാൻ വേണ്ടി ഒത്തുകൂടിയാലും അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതല്ലാതെ മറ്റൊന്നും നിനക്ക് ലഭിക്കുകയില്ല എന്ന കാര്യം നിൻ്റെ മനസ്സിൽ ഉറച്ച വിശ്വാസമായുണ്ടാകട്ടെ! ഭൂമിയിലുള്ള സർവ്വരും നിനക്ക് ഒരു ഉപദ്രവം ചെയ്യാൻ ഒരുമിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാത്ത യാതൊരു ഉപദ്രവവും നിന്നെ ഏൽപ്പിക്കാൻ അവർക്ക് സാധിക്കുകയില്ലെന്നും നീ ഉറച്ചു വിശ്വസിക്കുക. കാരണം അല്ലാഹു അക്കാര്യം അവൻ്റെ മഹത്തരമായ ലക്ഷ്യത്തിനും സർവ്വജ്ഞാനത്തിനും യോജിക്കുന്ന വിധത്തിൽ ക്രമപ്പെടുത്തുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹു രേഖപ്പെടുത്തിയ കാര്യങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടാകുന്നതല്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും ഒരാൾ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കിൽ അല്ലാഹു അവൻ്റെ കാര്യങ്ങൾ അറിഞ്ഞു കൊണ്ടും അവനെ സഹായിച്ചു കൊണ്ടും പിന്തുണച്ചു കൊണ്ടും അവൻ്റെ മുൻപിൽ തന്നെയുണ്ടായിരിക്കും. സന്തോഷവേളകളിൽ ഒരാൾ അല്ലാഹുവിനെ അനുസരിച്ചാൽ പ്രയാസവേളകളിൽ അല്ലാഹു അവന് തുറവിയും എളുപ്പവും നൽകുന്നതാണ്. അല്ലാഹു ഓരോ അടിമക്കും നിശ്ചയിച്ചു നൽകിയതിൽ -അനുഗ്രഹത്തിലും പ്രയാസത്തിലും- അവൻ തൃപ്തിയടയട്ടെ. പ്രയാസങ്ങളിലും ദുരിതങ്ങളിലും ക്ഷമയോടെ നിലകൊള്ളുകയും ചെയ്യട്ടെ. കാരണം ക്ഷമ തുറവിയുടെ താക്കോലാണ്. പ്രയാസങ്ങൾ അതികഠിനമായാൽ അല്ലാഹുവിൽ നിന്നുള്ള തുറവിയും എളുപ്പവും അതോടൊപ്പം വന്നെത്തുന്നതാണ്. ഞെരുക്കം വന്നെത്തിയാൽ അതിൻ്റെ തുടർച്ചയായി അല്ലാഹു എളുപ്പവും എത്തിക്കുന്നതാണ്.