ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ഒരിക്കൽ അത്വാഅ് ബ്നു അബീ റബാഹിനോട് പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചു തരട്ടെയോ?!" അത്വാഅ് പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് പറഞ്ഞു: "അബ്സീനിയക്കാരിയായ ഈ കറുത്ത സ്ത്രീയാണത്. അവൾ ഒരിക്കൽ നബി -ﷺ- യുടെ അടുത്തു വന്നു കൊണ്ട് പറഞ്ഞു: എന്നെ ബാധിച്ച ഒരു രോഗം കാരണത്താൽ എനിക്ക് അപസ്മാരം പിടിപെടാറുണ്ട്. അങ്ങനെ എൻ്റെ വസ്ത്രം നീങ്ങുകയും ഞാനറിയാതെ എൻ്റെ ശരീരത്തിൽ നിന്ന് വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യാറുണ്ട്. അതിനാൽ എൻ്റെ അസുഖം ഭേദമാക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ഈ പ്രയാസത്തിൽ ക്ഷമ കൈക്കൊള്ളുക; എങ്കിൽ നിനക്ക് സ്വർഗമുണ്ടായിരിക്കും. ഇനി ഞാൻ പ്രാർത്ഥിക്കണമെന്നാണ് നീ ഉദ്ദേശിക്കുന്നത് എങ്കിൽ നിൻ്റെ അസുഖം സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അപ്പോൾ ആ സ്ത്രീ പറഞ്ഞു: "എങ്കിൽ ഞാൻ ക്ഷമിച്ചു കൊള്ളാം." ശേഷം അവൾ പറഞ്ഞു: "എങ്കിൽ അപസ്മാരം ബാധിക്കുമ്പോൾ എൻ്റെ വസ്ത്രം നീങ്ങിപ്പോകാതിരിക്കാൻ അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി അക്കാര്യം അല്ലാഹുവിനോട് പ്രാർത്ഥിച്ചു.