ഉബാദഃ ബ്നു സ്വാമിത് (رضي الله عنه) നിവേദനം ചെയ്ത ഹദീഥാണിത്. ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം. മദീനയിലേക്ക് പാലായനം ചെയ്യുന്നതിന് മുൻപ് അവിടുന്ന് മക്കയിലായിരുന്ന കാലഘട്ടത്തിൽ, നബി -ﷺ- യെ സഹായിച്ചു കൊള്ളാമെന്ന് മദീനക്കാർ മിനാ രാത്രിയിൽ അഖബഃയിൽ വെച്ച് നൽകിയ കരാറിൽ പങ്കെടുത്ത നേതാക്കന്മാരിൽ ഒരാളുമാണ് അദ്ദേഹം. നബി -ﷺ- തൻ്റെ സ്വഹാബിമാർക്കിടയിൽ ഇരിക്കുന്ന വേളയിൽ അവിടുത്തേക്ക് കരാർ നൽകാൻ വേണ്ടി അവരോട് ആവശ്യപ്പെടുകയും, ചില കാര്യങ്ങൾ അവരോട് കരാർ വാങ്ങുകയും ചെയ്തു എന്ന് ഉബാദഃ (رضي الله عنه) അറിയിക്കുന്നു. പ്രസ്തുത കരാറിലെ വിഷയങ്ങൾ ഇവയായിരുന്നു: ഒന്ന്: ആരാധനയിൽ അല്ലാഹുവിൽ പങ്കുചേർക്കരുത്; അത് എത്ര ചെറിയ ആരാധനയാണെങ്കിലും. രണ്ട്: മോഷ്ടിക്കരുത്. മൂന്ന്: വ്യഭിചാരം എന്ന അശ്ലീലവൃത്തിയിൽ ഏർപ്പെടരുത്. നാല്: തങ്ങളുടെ സന്താനങ്ങളെ വധിക്കരുത്; (ജാഹിലിയ്യത്തിൽ ചെയ്യാറുണ്ടായിരുന്നത് പോലെ) ദാരിദ്യം ഭയന്ന് കൊണ്ട് ആൺകുഞ്ഞുങ്ങളെയോ, മാനഹാനി ഭയന്നു കൊണ്ട് പെൺകുഞ്ഞുങ്ങളെയോ വധിക്കരുത്. അഞ്ച്: കളവ് കെട്ടിച്ചമച്ചുണ്ടാക്കരുത്; നിങ്ങളുടെ കൈകളോ കാലുകളോ കൊണ്ട് എന്ന് പ്രത്യേകം പറഞ്ഞത് പ്രവർത്തനങ്ങളിൽ ബഹുഭൂരിപക്ഷവും ഇവ രണ്ടും ഉപയോഗിച്ചു കൊണ്ടാണെന്നതിനാലാണ്. മറ്റു അവയവങ്ങൾ അതിൽ പങ്കുചേരുന്നുണ്ടെങ്കിലും ഇവക്ക് അതിൽ പ്രത്യേക പങ്കുണ്ട്. ആറ്: ഒരു നന്മയിലും നബി -ﷺ- യെ ധിക്കരിക്കാതിരിക്കുക. ആരെങ്കിലും ഈ കരാർ മുറുകെ പിടിക്കുകയും, അത് പാലിക്കുകയും ചെയ്താൽ അതിനുള്ള പ്രതിഫലം അവന് അല്ലാഹുവിങ്കൽ ലഭിക്കുന്നതാണ്. ആരെങ്കിലും ഈ പറയപ്പെട്ട തിന്മകളിൽ ഏതെങ്കിലുമൊന്ന് പ്രവർത്തിക്കുകയും, അവൻ്റെ മേൽ ഇസ്‌ലാമിക ശിക്ഷാനിയമം നടപ്പിലാക്കപ്പെടുകയും ചെയ്താൽ അത് അവനുള്ള പ്രായശ്ചിത്തമായി പരിഗണിക്കപ്പെടുകയും, അവൻ്റെ പാപം പൊറുക്കപ്പെടുകയും ചെയ്യും. ഈ പറഞ്ഞതിൽ നിന്ന് ശിർക്ക് (ബഹുദൈവാരാധന) ഒഴിവാണ്; (മരണത്തിന് മുൻപ് അല്ലാഹുവിനോട് പാപമോചനം തേടാതെ അത് പൊറുക്കപ്പെടുകയില്ല). ഈ തിന്മകളിൽ ഏതെങ്കിലുമൊന്ന് ഒരാൾ പ്രവർത്തിക്കുകയും, അല്ലാഹു അത് രഹസ്യമാക്കി മറച്ചു വെക്കുകയും ചെയ്താൽ അവൻ്റെ കാര്യം അല്ലാഹുവിൻ്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും; അല്ലാഹു ഉദ്ദേശിച്ചാൽ അവന് പൊറുത്തു കൊടുക്കുകയും, അവൻ ഉദ്ദേശിച്ചാൽ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. ഉബാദഃ (رض الله عنه) പറയുന്നു: "അവിടെ കൂടിയിരുന്നവരെല്ലാം നബി -ﷺ- ക്ക് ഈ കാര്യങ്ങൾ കരാർ നൽകുകയുണ്ടായി."