ഇഹലോകത്തും പരലോകത്തും രക്ഷപ്പെടാനുള്ള കാരണങ്ങളെ കുറിച്ച് നബി -ﷺ- യോട് ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- ചോദിക്കുകയുണ്ടായി. മൂന്ന് കാര്യങ്ങൾ മുറുകെ പിടിക്കാനാണ് നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞത്: ഒന്ന്: നന്മയല്ലാത്ത എല്ലാ കാര്യത്തിൽ നിന്നും, തിന്മയടങ്ങുന്ന സർവ്വതിൽ നിന്നും നിൻ്റെ നാവിനെ നീ സംരക്ഷിക്കുക. നന്മയല്ലാതെ നീ ഒരിക്കലും സംസാരിക്കരുത്. രണ്ട്: ഏകാന്തമായി അല്ലാഹുവിനെ ആരാധിക്കുന്നതിനും, അല്ലാഹുവിനുള്ള ആരാധനകളിൽ മുഴുകുന്നതിനും വേണ്ടി നിൻ്റെ വീട്ടിൽ നീ കഴിഞ്ഞു കൂടുകയും, (നാട്ടിൽ വ്യാപകമാകുന്ന) കുഴപ്പങ്ങളിൽ നിന്ന് നിൻ്റെ വീട്ടിൽ കഴിഞ്ഞു കൊണ്ട് നീ അകലം പാലിക്കുകയും ചെയ്യുക. മൂന്ന്: നീ ചെയ്തു പോയ തിന്മകളുടെ പേരിൽ ഖേദിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിക്കൊണ്ട് കണ്ണുനീർ വാർക്കുകയും ചെയ്യുക.