ചില വിഷയങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെട്ടതിന് ശേഷമല്ലാതെ ഖിയാമത്ത് നാളിൽ ഒരാൾക്കും തൻ്റെ വിചാരണയുടെ സ്ഥാനം വിട്ട് -സ്വർഗത്തിലേക്കോ നരകത്തിലേക്കോ- നടത്തമാരംഭിക്കാൻ സാധിക്കില്ലെന്ന് നബി -ﷺ- അറിയിക്കുന്നു: ഒന്നാമത്തെ കാര്യം: അവൻ്റെ ജീവിതത്തെ കുറിച്ചാണ്; എന്തിലാണ് അതവൻ ചെലവഴിക്കുകയും ഉപയോഗിച്ചു തീർക്കുകയും ചെയ്തതെന്ന്? രണ്ടാമത്തെ കാര്യം: അവൻ്റെ വിജ്ഞാനത്തെ കുറിച്ചായിരിക്കും; അവൻ അല്ലാഹുവിന് വേണ്ടിയാണോ അത് തേടിയത്? ആ വിജ്ഞാനം അവൻ പ്രാവർത്തികമാക്കിയോ? അർഹതപ്പെട്ടവർക്ക് എത്തിച്ചു നൽകിയോ? മൂന്ന്: അവൻ്റെ സമ്പത്തിനെ കുറിച്ച്; അതവൻ ഹലാലായ (അനുവദനീയമായ) വഴിയിലൂടെയാണോ അതല്ല ഹറാമായ (നിഷിദ്ധമായ) വഴിയിലൂടെയാണോ സമ്പാദിച്ചത്? ഏതു മാർഗ്ഗത്തിലാണ് അത് ചെലവഴിച്ചത്; അല്ലാഹുവിന് തൃപ്തികരമായ മാർഗത്തിലാണോ അതല്ല, അവന് കോപമുണ്ടാക്കുന്ന മാർഗത്തിലാണോ?! നാല്: അവൻ്റെ ശരീരത്തെ കുറിച്ചും അതിന് നൽകപ്പെട്ട ആരോഗ്യത്തെ കുറിച്ചും സൗഖ്യത്തെ കുറിച്ചും യുവത്വത്തെ കുറിച്ചും; ഏതു കാര്യത്തിലാണ് അതവൻ ചെലവഴിച്ചത് എന്നും പ്രയോജനപ്പെടുത്തിയത് എന്നും?