നബി -ﷺ- ഒരിക്കൽ തൻ്റെ അനുചരന്മാരായ സ്വഹാബികളോടൊപ്പം ഒരു വിരുന്നിൽ സംബന്ധിക്കുകയായിരുന്നു. അങ്ങനെയിരിക്കെ അവിടുത്തേക്ക് ആടിൻ്റെ തുടയുടെ മാംസഭാഗം കഴിക്കാനായി നൽകപ്പെട്ടു. ആടിൻ്റെ മാംസത്തിൽ അവിടുത്തേക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഭാഗമായിരുന്നു അത്. തൻ്റെ പല്ലുകളുടെ അറ്റം കൊണ്ട് അതിൽ നിന്ന് ഒരു കഷ്ണം കടിച്ചെടുത്തു കൊണ്ട് അവിടുന്ന് അവരോട് സംസാരിക്കാൻ ആരംഭിച്ചു. നബി -ﷺ- പറഞ്ഞു: ഖിയാമത്ത് നാളിൽ ഞാൻ ആദം സന്തതികളുടെ നേതാവായിരിക്കും. അല്ലാഹു നബി -ﷺ- ക്ക് നൽകിയ അനുഗ്രഹം എടുത്തു പറയുക എന്ന ഉദ്ദേശ്യത്തിലായിരുന്നു അവിടുന്ന് അത് പറഞ്ഞത്. ശേഷം നബി -ﷺ- പറഞ്ഞു: "എന്തു കൊണ്ടാണ് അപ്രകാരം എന്ന് നിങ്ങൾക്കറിയുമോ? ജനങ്ങൾ അന്ത്യനാളിൽ ഒരേ വിധത്തിൽ നീണ്ടുപരന്നു കിടക്കുന്ന ഒരു വിശാലമായ ഭൂപ്രദേശത്താണ് ഒരുമിച്ചു കൂട്ടപ്പെടുക. അവിടെ വിളംബരം നടത്തുന്നവൻ്റെ ശബ്ദം എല്ലാവർക്കും കേൾക്കാൻ കഴിയും; നിരീക്ഷകന്മാർക്ക് അവരിൽ ഒരാളെയും മറഞ്ഞു പോകാത്ത വിധം അവരെ കാണാനും കഴിയും. അവർ നിൽക്കുന്നത് പരന്ന ഒരു ഭൂപ്രദേശത്താണെന്നതിനാൽ ഒരാൾക്കും നിരീക്ഷകന്മാരിൽ നിന്ന് മറഞ്ഞു നിൽക്കാൻ കഴിയില്ല. അവരിൽ ഒരാൾ സംസാരിച്ചാൽ എല്ലാവർക്കും അവരെ കേൾക്കാനും, കാണാനും സാധിക്കും. സൂര്യൻ മറ്റു സൃഷ്ടികളോട് ഒരു മൈൽ ദൂരത്തിൽ അടുക്കുന്ന സന്ദർഭമാണത്. പ്രയാസവും കഠിനതയും അവർക്ക് താങ്ങാൻ കഴിയാത്ത വിധത്തിൽ അവരെ മൂടിക്കളയും. അങ്ങനെ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്താൻ ശുപാർശകരായി ആരെയെങ്കിലും ലഭിക്കുമോ എന്നവർ അന്വേഷിക്കും. അങ്ങനെ അവരിൽ ഈമാനുള്ളവരായ ദാസന്മാർക്ക് മനുഷ്യപിതാവായ ആദമിൻ്റെ (عليه السلام) അരികിൽ പോകാൻ അല്ലാഹു മനസ്സിൽ തോന്നിപ്പിക്കും. അവർ ആദം നബിയുടെ അരികിൽ (عليه السلام) ചെല്ലുകയും, അദ്ദേഹത്തിൻ്റെ ശ്രേഷ്ഠതകൾ എടുത്തു പറഞ്ഞു കൊണ്ട് തങ്ങൾക്കായി അല്ലാഹുവിങ്കൽ ശുപാർശ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. അവർ പറയും: താങ്കൾ മനുഷ്യരുടെ പിതാവാണ്. അല്ലാഹു അവൻ്റെ കരങ്ങൾ കൊണ്ട് താങ്കളെ സൃഷ്ടിച്ചിരിക്കുന്നു. മലക്കുകളെ താങ്കൾക്ക് മുൻപിൽ സുജൂദ് ചെയ്യിപ്പിച്ചിരിക്കുന്നു. എല്ലാ വസ്തുക്കളുടെയും നാമങ്ങളും അവൻ താങ്കൾക്ക് പഠിപ്പിച്ചു തന്നിരിക്കുന്നു. അവൻ്റെ പക്കൽ നിന്നുള്ള ആത്മാവ് അവൻ താങ്കളിൽ ഊതുകയും ചെയ്തിരിക്കുന്നു. അപ്പോൾ ആദം (عليه السلام) അവരോട് ഒഴിവുകഴിവ് ബോധിപ്പിച്ചു കൊണ്ട് പറയും: എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ശേഷം തനിക്ക് സംഭവിച്ച അബദ്ധം അദ്ദേഹം എടുത്തു പറയും. അല്ലാഹു ആദമിനോട് ഭക്ഷിക്കരുതെന്ന് വിലക്കിയ വൃക്ഷത്തിൽ നിന്ന് അദ്ദേഹം ഭക്ഷിച്ചു എന്നതാണത്. എന്നിട്ട് അദ്ദേഹം പറയും: എൻ്റെ രക്ഷക്ക് തന്നെ ശുപാർശ വേണ്ട സ്ഥിതിയായിരിക്കുന്നു. നിങ്ങൾ ഞാനല്ലാത്ത ഒരാളുടെ അരികിൽ ചെല്ലൂ. നിങ്ങൾ നൂഹ് (عليه السلام) നബിയുടെ അരികിൽ പോവുക. അങ്ങനെ ജനങ്ങൾ നൂഹ് നബിയുടെ (عليه السلام) അരികിൽ ചെല്ലുകയും അദ്ദേഹത്തോട് ഇപ്രകാരം പറയുകയും ചെയ്യും: താങ്കൾ അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആദ്യത്തെ റസൂലാണ്. അല്ലാഹു ഭൂമിയിലുള്ളവരിലേക്ക് താങ്കളെ നിയോഗിച്ചു. താങ്കളെ നന്ദിപാലിക്കുന്ന ദാസൻ എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്. എന്നാൽ നൂഹ് (عليه السلام) നബിയും ഒഴിവുകഴിവ് പറയും. അല്ലാഹു ഇന്ന് കോപിച്ചിരിക്കുന്നു എന്നും, ഇതു പോലെ മുൻപൊരിക്കലും അവൻ കോപിച്ചിട്ടില്ല എന്നും, ഇനിയൊരിക്കലും അവൻ ഇതുപോലെ കോപിക്കുകയില്ല എന്നും അദ്ദേഹം പറയും. തനിക്ക് സ്വീകരിക്കാമെന്ന് ഉറപ്പുള്ള ഒരു പ്രാർത്ഥന നൽകപ്പെട്ടിട്ട് തൻ്റെ ജനതക്ക് എതിരെയാണ് താൻ പ്രാർത്ഥിക്കുകയുണ്ടായതെന്ന് അദ്ദേഹം പറയും. തൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് താനുള്ളതെന്നും, നിങ്ങൾ ഞാനല്ലാത്ത ഒരാളിലേക്ക് ചെല്ലൂ എന്നും, ഇബ്രാഹീം നബിയെ (عليه السلام) സന്ദർശിക്കൂ എന്നും അദ്ദേഹം പറയും. അങ്ങനെ ജനങ്ങൾ ഇബ്റാഹീം നബിയുടെ (عليه السلام) അരികിൽ ചെല്ലും. അവർ പറയും: താങ്കൾ അല്ലാഹുവിൻ്റെ ഉറ്റമിത്രമായ ഖലീലുല്ലാഹ് ആണ്. താങ്കളുടെ റബ്ബിനോട് ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നുണ്ടല്ലോ?! അദ്ദേഹം പറയും: എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ശേഷം തനിക്ക് സംഭവിച്ച അബദ്ധം അദ്ദേഹം എടുത്തു പറയും. താൻ മൂന്ന് തവണ കളവ് പറഞ്ഞിട്ടുണ്ട് എന്നതാണത്. മുശ്‌രിക്കുകളുടെ ആഘോഷത്തിന് വിളിച്ചപ്പോൾ 'ഞാൻ രോഗിയാണ്' എന്ന് പറഞ്ഞതും, വിഗ്രഹങ്ങളെ തകർത്ത ശേഷം അവയെ തകർത്തത് അവരിലെ ഏറ്റവും വലിയ വിഗ്രഹമാണെന്ന് പറഞ്ഞതും, അതിക്രമിയായ ഒരു രാജാവിൻ്റെ മുൻപിൽ രക്ഷപ്പെടാൻ തൻ്റെ ഭാര്യയായ സാറയോട് തന്നെക്കുറിച്ച് 'എൻ്റെ സഹോദരനാണെന്ന് പറഞ്ഞോളൂ' എന്ന് പറഞ്ഞതുമാണ് അദ്ദേഹം കളവുകൾ എന്നത് കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ഈ മൂന്ന് വാക്കുകളും യഥാർത്ഥത്തിൽ കളവുകളിൽ ഉൾപ്പെടുകയില്ല എന്നതാണ് സത്യം. മറിച്ച്, സത്യവും അസത്യവും ഉദ്ദേശിക്കപ്പെടാൻ ഒരേ പോലെ സാധ്യതയുള്ള ദ്വയാർത്ഥം അടങ്ങുന്ന പ്രയോഗങ്ങളായിരുന്നു അവ. പക്ഷേ, അവ ഒരർത്ഥത്തിൽ കളവിനോട് സാദൃശ്യമുള്ളതായതിനാൽ അദ്ദേഹം അവയുടെ കാര്യം ഭയപ്പെടുകയും, അല്ലാഹുവിൻ്റെ മുൻപിൽ ശുപാർശ പറയാൻ മാത്രം തനിക്ക് സ്ഥാനമില്ലെന്ന് വിനയം പ്രകടിപ്പിക്കുകയുമാണ് ചെയ്തത്. കാരണം അല്ലാഹുവിനെ കുറിച്ച് കൂടുതൽ അറിവും സ്ഥാനവുമുള്ളവർക്ക് അവനെ കുറിച്ചുള്ള ഭയം കഠിനമായിരിക്കും.അദ്ദേഹം പറയും: എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മൂസായുടെ (عليه السلام) അരികിൽ പോവുക. അങ്ങനെ അവർ മൂസാ നബിയുടെ (عليه السلام) അരികിൽ ചെല്ലും. അവർ പറയും: മൂസാ! അല്ലാഹുവിൻ്റെ റസൂലാണ് താങ്കൾ. അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള സന്ദേശം കൊണ്ടും താങ്കളോട് സംസാരിച്ചു കൊണ്ടും താങ്കളെ ആദരിച്ചിരിക്കുന്നു. അതിനാൽ താങ്കളുടെ രക്ഷിതാവിങ്കൽ ഞങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്താലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നുണ്ടല്ലോ?! അപ്പോൾ മൂസാ (عليه السلام) പറയും: "എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. ഞാൻ എന്നോട് കൽപ്പിക്കപ്പെടാതെ ഒരു മനുഷ്യനെ വധിച്ചു പോയിരിക്കുന്നു. എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മർയമിൻ്റെ മകൻ ഈസായുടെ (عليه السلام) അരികിൽ പോവുക." അങ്ങനെ അവർ ഈസായുടെ (عليه السلام) അടുത്തെത്തും. അവർ പറയും: ഈസാ! താങ്കൾ അല്ലാഹുവിൻ്റെ റസൂലാകുന്നു. അല്ലാഹു മർയമിലേക്ക് ഇട്ടുനൽകിയ അവൻ്റെ വചനവും അല്ലാഹുവിൽ നിന്നുള്ള (അവൻ സൃഷ്ടിച്ച) ആത്മാവുമാകുന്നു. തൊട്ടിലിൽ കിടക്കുന്ന കുട്ടിയായിരിക്കെ താങ്കൾ ജനങ്ങളോട് സംസാരിക്കുകയുണ്ടായി. അതിനാൽ താങ്കളുടെ രക്ഷിതാവിനോട് ഞങ്ങൾക്കായി ശുപാർശ പറഞ്ഞാലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?! ഈസാ (عليه السلام) പറയും: "എൻ്റെ രക്ഷിതാവായ അല്ലാഹു ഇന്ന് ശക്തമായി കോപിച്ചിരിക്കുന്നു. ഇത് പോലെ അവൻ മുൻപൊരിക്കലും കോപിച്ചിട്ടില്ല. ഇതിന് ശേഷം ഇനിയൊരിക്കലും അവൻ ഇതു പോലെ കോപിക്കുകയുമില്ല. -അദ്ദേഹം തൻ്റെ തെറ്റായി യാതൊന്നും പറയുകയില്ല-. എൻ്റെ സ്വന്തം കാര്യത്തിൻ്റെ രക്ഷക്ക് ശുപാർശ വേണ്ട സ്ഥിതിയിലാണ് ഞാനുള്ളത്. നിങ്ങൾ മറ്റാരുടെയെങ്കിലും അടുത്ത് പോവുക. നിങ്ങൾ മുഹമ്മദിൻ്റെ ﷺ അരികിൽ പോവുക." അങ്ങനെ അവർ മുഹമ്മദ് നബി -ﷺ- യുടെ അരികിലെത്തും. അവർ പറയും: ഹേ മുഹമ്മദ്! അങ്ങ് അല്ലാഹുവിൻ്റെ റസൂലും നബിമാരിൽ അന്തിമനുമാണ്. അല്ലാഹു മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ എല്ലാ തെറ്റുകളും താങ്കൾക്ക് പൊറുത്തു തന്നിരിക്കുന്നു. ഞങ്ങൾക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് ശുപാർശ പറഞ്ഞാലും. ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥ താങ്കൾ കാണുന്നില്ലേ?!" അങ്ങനെ ഞാൻ (മുഹമ്മദ് നബി -ﷺ-) ശുപാർശ പറയാനായി പുറപ്പെടുകയും, അർശിൻ്റെ (അല്ലാഹുവിൻ്റെ സിംഹാസനം) താഴെ എത്തുകയും ചെയ്യും. ശേഷം എൻ്റെ റബ്ബിൻ്റെ മുൻപിൽ ഞാൻ സുജൂദിൽ വീഴും. ശേഷം അല്ലാഹു അവനെ സ്തുതിക്കുന്നതും മനോഹരമായി പ്രകീർത്തിക്കുന്നതുമായ സ്തുതിവാചകങ്ങൾ എനിക്ക് തുറന്നുനൽകും. എനിക്ക് മുൻപ് മറ്റൊരാൾക്കും നൽകപ്പെട്ടിട്ടില്ലാത്തവയായിരിക്കും അവ. ശേഷം എന്നോട് പറയപ്പെടും: ഹേ മുഹമ്മദ്! താങ്കളുടെ ശിരസ്സ് ഉയർത്തിക്കൊള്ളുക. താങ്കൾ ചോദിച്ചു കൊള്ളൂ; താങ്കൾക്ക് നൽകപ്പെടുന്നതാണ്. താങ്കൾ ശുപാർശ ചെയ്തോളൂ; താങ്കളുടെ ശുപാർശ സ്വീകരിക്കപ്പെടുന്നതാണ്. അങ്ങനെ ഞാൻ തലയുയർത്തുകയും 'എൻ്റെ റബ്ബേ! എൻ്റെ ഉമ്മത്ത്! എൻ്റെ റബ്ബേ! എൻ്റെ ജനത!" എന്നിങ്ങനെ പറയുകയും ചെയ്യും. അങ്ങനെ നബി -ﷺ- യുടെ ശുപാർശ സ്വീകരിക്കപ്പെടും. അവിടുത്തോട് പറയപ്പെടും: ഹേ മുഹമ്മദ്! താങ്കളുടെ ജനതയിൽ നിന്ന് വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ സ്വർഗത്തിൻ്റെ വലതുവശത്തുള്ള വാതിലിലൂടെ പ്രവേശിപ്പിക്കുക. അതല്ലാത്ത മറ്റു വാതിലുകൾ അവർക്കും മറ്റു ജനതകൾക്കും ഒരു പോലെയുള്ളതാണ്. ശേഷം നബി -ﷺ- പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! സ്വർഗത്തിൻ്റെ വാതിലുകളിൽ ഒന്നിൻ്റെ രണ്ട് അറ്റങ്ങൾക്കിടയിൽ മക്കക്കും യമനിലെ സ്വൻആഇനും ഇടയിലുള്ള ദൂരമുണ്ട്. അല്ലെങ്കിൽ, മക്കക്കും ശാമിലെ ബുസ്റാക്കും (ഹൗറാൻ പട്ടണം) ഇടയിലുള്ള അകലമുണ്ട്.