വിശുദ്ധ ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് ഏതാണെന്ന് നബി -ﷺ- ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- വിനോട് ചോദിച്ചു. ആദ്യം മറുപടി പറയാൻ അദ്ദേഹം ശങ്കിച്ചെങ്കിലും ശേഷം അദ്ദേഹം ആയത്തുൽ കുർസിയ്യാണ് ഖുർആനിലെ ഏറ്റവും മഹത്തരമായ ആയത്ത് എന്ന് മറുപടി നൽകി. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും, അദ്ദേഹത്തിൻ്റെ ഹൃദയം വിജ്ഞാനത്താലും യുക്തിയാലും നിറഞ്ഞിരിക്കുന്നു എന്ന സൂചന നൽകിക്കൊണ്ട് അദ്ദേഹത്തിൻ്റെ നെഞ്ചിൽ കൈ കൊണ്ട് അടിക്കുകയും ചെയ്തു. ഈ വിജ്ഞാനം കൊണ്ട് അദ്ദേഹത്തിന് സൗഭാഗ്യം ലഭിക്കാനും, അത് അദ്ദേഹത്തിന് എളുപ്പമാകുന്നതിനും വേണ്ടി അവിടുന്ന് പ്രാർത്ഥിക്കുകയും ചെയ്തു.