സൂറത്തുൽ കഹ്ഫിൻ്റെ ആദ്യത്തെ പത്ത് ആയത്തുകൾ മനപാഠമാക്കുന്നവർക്ക് ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്ന് സംരക്ഷണവും കാവലും സുരക്ഷയും നൽകപ്പെടുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അവസാനകാലഘട്ടത്തിൽ താൻ ഇലാഹാണെന്ന് അവകാശപ്പെട്ടു കൊണ്ട് പുറപ്പെടുന്ന ഒരുവനാണ് മസീഹുദ്ദജ്ജാൽ. ആദം (عليه الشلام) ൻ്റെ സൃഷ്ടിപ്പിന് ശേഷം ഭൂമിയിൽ സംഭവിക്കാനിരിക്കുന്ന ഏറ്റവും കടുത്തതും ഗുരുതരമായതുമായ പരീക്ഷണമാണ് മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണം. തന്നെ പിൻപറ്റുന്നവരെ ആശയക്കുഴപ്പത്തിലാക്കാൻ സാധിക്കും വിധത്തിലുള്ള അത്ഭുതസംഭവങ്ങൾ പ്രവർത്തിക്കാൻ അല്ലാഹു അവന് കഴിവ് നൽകുന്നതാണ്. സൂറത്തുൽ കഹ്ഫിൻ്റെ ആദ്യത്തെ ആയത്തുകളിലാകട്ടെ, മസീഹുദ്ദജ്ജാൽ കാണിക്കുന്ന അത്ഭുതപ്രവർത്തികളേക്കാൾ വിസ്മയകരമായ അനേകം ദൃഷ്ടാന്തങ്ങളും അത്ഭുതസംഭവങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. അവ ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ മസീഹുദ്ദജ്ജാലിന് പിഴപ്പിക്കാൻ സാധ്യമല്ല. ഹദീഥിൻ്റെ മറ്റൊരു നിവേദനത്തിൽ സൂറത്തുൽ കഹ്ഫിൻ്റെ അവസാനത്തെ പത്ത് ആയത്തുകളാണ് മനപാഠമാക്കേണ്ടത് എന്നും വന്നിട്ടുണ്ട്. "നിഷേധികൾ ധരിച്ചിരിക്കുകയാണോ..." എന്ന ആശയത്തിൽ തുടങ്ങുന്ന (ആയത്ത് നം 111) വചനം മുതൽ അവസാനം വരെയാണ് മനപാഠമാക്കേണ്ടത്.