ഒരു മുസ്‌ലിമായ മനുഷ്യൻ്റെ പ്രവർത്തനങ്ങളുടെ ഇനവും തരവും പോലെയായിരിക്കും പരലോകത്ത് അല്ലാഹുവിൻ്റെ അരികിൽ അവന് ലഭിക്കുന്ന പ്രതിഫലവും എന്ന് നബി (ﷺ) വിവരിക്കുന്നു. ഒരാൾ മുഅ്മിനായ ഒരു മനുഷ്യൻ്റെ പ്രയാസം നീക്കിക്കൊടുക്കുകയും അവന് ആശ്വാസം പകരുകയും അവൻ്റെ ബുദ്ധിമുട്ടും ഭൗതികജീവിതത്തിലെ ഇടുക്കവും മാറ്റിക്കൊടുക്കുകയും ചെയ്താൽ അവന് പ്രതിഫലമായി പരലോകത്തുള്ള ഇടുക്കത്തിൽ നിന്നും പ്രയാസത്തിൽ നിന്നും അല്ലാഹു അവന് എളുപ്പം നൽകുന്നതാണ്. പ്രയാസത്തിൽ അകപ്പെട്ട ഒരാൾക്ക് ആരെങ്കിലും കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുകയും, അവൻ്റെ ഇടുക്കം നീക്കിക്കൊടുക്കുകയും ചെയ്താൽ ഇഹലോകത്തും പരലോകത്തും അല്ലാഹു അവന് എളുപ്പം നൽകുന്നതാണ്. മുസ്‌ലിമായ ഒരു സഹോദരൻ്റെ പുറത്തു പറയാൻ കൊള്ളാത്ത എന്തെങ്കിലും കുറവുകളോ ന്യൂനതകളോ ഒരാൾ കണ്ടുപോവുകയും, അത് മറ്റുള്ളവരിൽ നിന്ന് അവൻ മറച്ചു വെക്കുകയും ചെയ്താൽ ഇഹലോകത്തും പരലോകത്തും അല്ലാഹു അവന് മറനൽകുന്നതാണ്. അല്ലാഹുവിൻ്റെ ഒരടിമ തൻ്റെ സഹോദരൻ്റെ മതപരവും ഭൗതികവുമായ പ്രയാസങ്ങളിൽ അവനെ സഹായിക്കാൻ നിലകൊള്ളുന്നിടത്തോളം അല്ലാഹു അവന് സഹായിയായി നിലകൊള്ളുന്നതാണ്. ഈ സഹായം പ്രാർത്ഥന കൊണ്ടും ശാരീരികവും സാമ്പത്തികവുമായ സഹായങ്ങൾ കൊണ്ടും മറ്റുമെല്ലാം ഒരാൾക്ക് ചെയ്യാവുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട്, ഇസ്‌ലാം ദീനുമായി ബന്ധപ്പെട്ട വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ നടന്നു തുടങ്ങിയാൽ അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കുന്നതാണ്. ഒരു കൂട്ടമാളുകൾ അല്ലാഹുവിൻ്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലുമൊരു ഭവനത്തിൽ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ തങ്ങൾക്കിടയിൽ പഠന വിധേയമാക്കുകയും ചെയ്താൽ അവരുടെ മേൽ സമാധാനവും ശാന്തിയും ഇറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും പൊതിയുകയും, അല്ലാഹുവിൻ്റെ മലക്കുകൾ അവരെ വലയം ചെയ്യുകയും, തൻ്റെ സമീപത്തുള്ളവരായ ദാസന്മാരോട് അവരെ കുറിച്ച് അല്ലാഹു പുകഴ്ത്തി പറയുകയും ചെയ്യുന്നതാണ്. അല്ലാഹു ഉന്നതമായ സദസ്സിൽ ഒരാളെ സ്മരിക്കാൻ കാരണമാകുക എന്ന ഒരൊറ്റ കാര്യം തന്നെ ഒരു പ്രവർത്തനത്തിൻ്റെ ശ്രേഷ്ഠതയായി മതിയായ കാര്യമാണ്. ആരുടെയെങ്കിലും പ്രവർത്തനങ്ങളിൽ കുറവുകളുണ്ടെങ്കിൽ ആ പ്രവർത്തനങ്ങൾ സൽകർമങ്ങൾ അധികരിപ്പിച്ചവരുടെ പദവികളിലേക്ക് അവനെ എത്തിക്കുന്നതല്ല. അതിനാൽ, ഒരാളും തൻ്റെ കുടുംബമഹിമയിലോ തറവാട്ടു പോരിശയിലോ പ്രപിതാക്കളുടെ വീരകൃത്യങ്ങളിലോ മതിമറന്ന് തൻ്റെ പ്രവർത്തനത്തിൽ കുറവ് വരുത്തുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ!