അന്ത്യനാൾ സമീപസ്ഥമാകുന്നതിൻ്റെ അടയാളങ്ങളിൽ ചിലത് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നു. ഇസ്‌ലാമിക വിധിവിലക്കുകളെ കുറിച്ചുള്ള അറിവ് കുറഞ്ഞു വരിക എന്നത് അതിൽ ഒന്നാണ്; പണ്ഡിതന്മാരുടെ മരണത്തിലൂടെയാണ് അത് സംഭവിക്കുക. അതിൻ്റെ ഫലമായി ജനങ്ങൾക്കിടയിൽ അജ്ഞതയും അറിവില്ലായ്‌മയും വ്യാപകമാവും. വ്യഭിചാരവും മ്ലേഛവൃത്തികളും അധികരിക്കുകയും, മദ്യപാനം കൂടുകയും ചെയ്യും. പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം അധികരിക്കുകയും ചെയ്യും; അവസാനം അൻപത് സ്ത്രീകളുടെ കാര്യങ്ങൾ നോക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും ഒരു പുരുഷൻ മാത്രമുണ്ടാകുന്ന സ്ഥിതിവിശേഷം സംജാതമാകും.