ഗ്രാമീണനായ ഒരു അറബി നബി -ﷺ- യുടെ അടുക്കൽ വന്നു. തന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു പ്രവർത്തനം പറഞ്ഞു തരണമെന്നതായിരുന്നു അയാളുടെ ആവശ്യം. ഇസ്‌ലാമിൻ്റെ സ്തംഭങ്ങൾ പ്രവർത്തിക്കുന്നതിലൂടെയാണ് ഒരാൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനും സാധിക്കുക എന്ന് നബി -ﷺ- അദ്ദേഹത്തിന് മറുപടി നൽകി. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക രാത്രിയും പകലുമായി അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ നിർബന്ധമാക്കിയിട്ടുള്ള അഞ്ചു നേരത്തെ നമസ്കാരങ്ങൾ നിർവ്വഹിക്കുക, അല്ലാഹു നിനക്ക് മേൽ നിർബന്ധമാക്കിയിട്ടുള്ള സകാത്ത് അതിന് അർഹതപ്പെട്ടവർക്ക് നൽകുക, റമദാൻ മാസത്തിലെ നോമ്പുകൾ അതിൻ്റെ സമയത്ത് നിർവ്വഹിക്കുക. ഇത് കേട്ടപ്പോൾ ചോദ്യകർത്താവ് പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! താങ്കളിൽ നിന്ന് ഞാൻ കേട്ട ഈ നിർബന്ധ കർമ്മങ്ങളിൽ യാതൊന്നും ഞാൻ അധികരിപ്പിക്കുകയോ അതിൽ എന്തെങ്കിലുമൊരു കുറവ് വരുത്തുകയോ ഇല്ല." അയാൾ തിരിച്ചു പോകുമ്പോൾ നബി -ﷺ- പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരാളെ കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ ഗ്രാമീണ അറബിയെ നോക്കട്ടെ."