അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹുവിന്റെ തിരുവദനം മാത്രം ഉദ്ദേശിച്ച് പഠിക്കേണ്ട ഒരു വിജ്ഞാനം, ദുനിയാവിലെ എന്തെങ്കിലും താൽക്കാലിക നേട്ടത്തിന് വേണ്ടിമാത്രമായി പഠിക്കുന്നവന് ഖിയാമത്ത് നാളിൽ സ്വർഗ്ഗത്തിന്റെ സുഗന്ധം പോലും ലഭിക്കുകയില്ല." صحيح - رواه أبو داود وابن ماجه وأحمد
explain-icon

വിശദീകരണം

അടിസ്ഥാനപരമായി അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് പഠിച്ചിരിക്കേണ്ട ദീനീ വിജ്ഞാനം, ആരെങ്കിലും ദുനിയാവിലെ താൽക്കാലിക നേട്ടങ്ങൾ -അതായത് സമ്പത്തോ സ്ഥാനമാനങ്ങളോ- മാത്രം ലക്ഷ്യമാക്കി പഠിച്ചാൽ.., ഖിയാമത്ത് നാളിൽ സ്വർഗ്ഗത്തിന്റെ സുഗന്ധം പോലും അവന് ലഭിക്കുന്നതല്ല എന്ന് നബി -ﷺ- അറിയിക്കുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • വിജ്ഞാനം തേടുന്നതിൽ ഇഖ്‌ലാസ് (ആത്മാർത്ഥത) നിർബന്ധമാണ്; അതിന് പ്രോത്സാഹനം നൽകുന്ന ഹദീഥുകളിലൊന്നാണിത്.
  • അല്ലാഹുവിൻ്റെ ദീനുമായി ബന്ധപ്പെട്ട വിജ്ഞാനത്തെ രിയാഇനോ (ലോകമാന്യം) ദുനിയാവിനോ വേണ്ടിയുള്ള ഒരു മാർഗ്ഗമായി ഉപയോഗിക്കുന്നതിനെതിരെ ഈ ഹദീഥ് ശക്തമായ താക്കീത് നൽകുന്നു. വൻപാപങ്ങളിൽ പെട്ട തിന്മയാണത് എന്നതിന് ഈ ഹദീഥ് തെളിവാണ്.
  • ആരെങ്കിലും അല്ലാഹുവിന് വേണ്ടി വിജ്ഞാനം നേടുകയും, ദുനിയാവ് അതിനുപിറകെ വരികയും ചെയ്താൽ, അത് സ്വീകരിക്കുന്നത് അനുവദനീയമാണ്; അപ്പോൾ അത് അവന് ദോഷകരമല്ല.
  • സിൻദി പറയുന്നു: "സ്വർഗ്ഗം അങ്ങേയറ്റം നിഷിദ്ധമാണ് എന്ന് അറിയിക്കുന്നതിനാണ് സ്വർഗത്തിൻ്റെ സുഗന്ധം ലഭിക്കുകയില്ല എന്ന് അറിയിച്ചത്. കാരണം ഒരു വസ്തുവിന്റെ ഗന്ധം പോലും കണ്ടെത്താത്തവന് അക്കാര്യം നേടുക സാധ്യമല്ലല്ലോ."
  • അല്ലാഹുവിന്റെ തിരുവദനം മാത്രം ലക്ഷ്യമാക്കി പഠിക്കേണ്ട ഒരു വിജ്ഞാനം, ജോലിക്ക് വേണ്ടിയോ മറ്റ് ദുനിയാവിന്റെ ആവശ്യങ്ങൾക്കുവേണ്ടിയോ പഠിക്കുന്നവൻ അല്ലാഹുവിലേക്ക് നിർബന്ധമായും പശ്ചാത്തപിച്ചു മടങ്ങണം. എങ്കിൽ അവന്റെ പക്കൽ നിന്നുണ്ടായ ദുഷിച്ച ഉദ്ദേശ്യം അല്ലാഹു അവനിൽ നിന്ന് മായ്ച്ചുകളയുന്നതാണ്; അല്ലാഹു അതീവ ഔദാര്യമുള്ളവനാണ്.
  • ദീനിയായ വിജ്ഞാനം തേടുന്നവരെയാണ് ഈ ഹദീഥിൽ താക്കീത് ചെയ്തിരിക്കുന്നത്. എന്നാൽ എൻജിനീയറിംഗ്, കെമിസ്ട്രി പോലുള്ള ദുനിയാവിന്റെ വിജ്ഞാനങ്ങൾ ഒരാൾ ഐഹിക നേട്ടങ്ങൾക്ക് വേണ്ടി പഠിച്ചാൽ അവന്റെ ഉദ്ദേശ്യത്തിന് അനുയോജ്യമായത് അവന് ലഭിക്കുന്നതാണ്.