നബി -ﷺ- മുഹാജിറുകളും അൻസാരികളുമായ തന്റെ സ്വഹാബികളോടൊപ്പം -رَضِيَ اللَّهُ عَنْهُمْ- ഒരു യുദ്ധത്തിന് വേണ്ടിയുള്ള യാത്രയിലായിരുന്നു. അപ്പോൾ മുഹാജിറുകളിൽ പെട്ട ഒരാൾ അൻസാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് തന്റെ കൈകൊണ്ട് അടിച്ചു. അപ്പോൾ അൻസ്വാരി വിളിച്ചുപറഞ്ഞു: "അൻസ്വാരികളേ, എന്നെ സഹായിക്കുവിൻ!" അതോടെ മുഹാജിറുകളിൽ പെട്ടയാൾ വിളിച്ചുപറഞ്ഞു: "മുഹാജിറുകളേ, എന്നെ സഹായിക്കുവിൻ!" അല്ലാഹുവിൻ്റെ റസൂൽ -ﷺ- അത് കേൾക്കുകയും "എന്താണിത്?" എന്ന് ചോദിക്കുകയും ചെയ്തു. അവർ പറഞ്ഞു: "മുഹാജിറുകളിൽ പെട്ട ഒരാൾ അൻസ്വാരികളിൽ പെട്ട ഒരാളുടെ പിൻഭാഗത്ത് കൈകൊണ്ട് അടിച്ചു. അപ്പോൾ അൻസ്വാരി 'അൻസ്വാരികളേ, എന്നെ സഹായിക്കൂ' എന്നും മുഹാജിർ 'മുഹാജിറുകളേ, എന്നെ സഹായിക്കൂ' എന്നും വിളിച്ചു പറഞ്ഞു." അപ്പോൾ നബി -ﷺ- പറഞ്ഞു: ജാഹിലിയ്യാ (ഇസ്‌ലാമിന് മുമ്പുള്ള അജ്ഞാന കാലത്തെ) രീതിയിലുള്ള ഈ വിളി നിങ്ങൾ ഉപേക്ഷിക്കുക. തീർച്ചയായും അത് മോശവും വെറുക്കപ്പെട്ടതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമാണ്. ജാഹിലിയ്യഃ കാലഘട്ടത്തിൽ തന്റെ എതിരാളിക്ക് മേൽ വിജയം നേടാൻ, അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും, തൻ്റെ കക്ഷിയുടെയും ഗോത്രത്തിൻ്റെയുമെല്ലാം പേരിൽ സ്വന്തം ആളുകളെ സഹായത്തിന് വിളിക്കുന്ന രീതിയെയാണ് നബി (ﷺ) വിലക്കിയത്; ജാഹിലിയ്യഃ കാലഘട്ടത്തിലെ രീതിയായിരുന്നു അത്. ജാബിർ പറഞ്ഞു: "നബി -ﷺ- ഹിജ്റ ചെയ്ത് മദീനയിൽ എത്തിയ സമയത്ത് അൻസ്വാരികളായിരുന്നു കൂടുതൽ. പിന്നീട് മുഹാജിറുകളുടെ എണ്ണം വർദ്ധിച്ചു." അപ്പോൾ മുനാഫിഖുകളുടെ (കപടവിശ്വാസികളുടെ) തലവനായ അബ്ദുല്ലാഹി ബ്നു ഉബയ്യ് ബ്നു സലൂൽ പറഞ്ഞു: "കാര്യങ്ങൾ ഈ നിലയിൽ എത്തിയോ?! അല്ലാഹുവാണെ സത്യം! നമ്മൾ മദീനയിലേക്ക് മടങ്ങിയെത്തിയാൽ പ്രതാപമുള്ളവർ -അവൻ ഉദ്ദേശിച്ചത് അവനെയും കൂടെയുള്ളവരെയുമാണ്- നിന്ദ്യരായവരെ -അവൻ ഉദ്ദേശിച്ചത് നബിയെയും -ﷺ- കൂടെയുള്ളവരെയുമാണ്- മദീനയിൽ നിന്ന് പുറത്താക്കുക തന്നെ ചെയ്യും." അപ്പോൾ ഉമർ ഇബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! എന്നെ വിടൂ, ഈ കപടവിശ്വാസിയുടെ കഴുത്ത് ഞാൻ വെട്ടിക്കളയട്ടെ." എന്നാൽ നബി -ﷺ- പറഞ്ഞു: "അവനെ വിട്ടേക്കൂ. മുഹമ്മദ് തന്റെ അനുയായികളെ കൊലപ്പെടുത്തുന്നുവെന്ന് ജനങ്ങൾ സംസാരിക്കാൻ ഇടയാകരുത്." ബാഹ്യമായി നോക്കുമ്പോൾ അവൻ ഒരു മുസ്‌ലിമാണല്ലോ എന്നതാണ് നബി (ﷺ) ഉദ്ദേശിച്ചത്.