അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. "അല്ലാഹുവിൽ പങ്ക് ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും." - ചാരിയിരിക്കുകയായിരുന്ന അവിടുന്ന് നിവർന്നിരുന്നു കൊണ്ട് പറഞ്ഞു: "അറിയുക, വ്യാജവാർത്തകളും." അവിടുന്ന് സംസാരം നിറുത്തിയെങ്കിൽ എന്ന് ഞങ്ങൾ പറഞ്ഞുപോവുന്നതു വരെ നബി -ﷺ- അതാവർത്തിച്ചു കൊണ്ടേയിരുന്നു. صحيح - متفق عليه
explain-icon

വിശദീകരണം

നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് ഏറ്റവും ഗൗരവപ്പെട്ട വൻപാപങ്ങൾ ഏതെല്ലാമാണെന്ന് അറിയിച്ചു നൽകുന്നു. മൂന്ന് കാര്യങ്ങളാണ് അവിടുന്ന് പറഞ്ഞത്: 1- അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്). അല്ലാഹുവല്ലാത്തവർക്ക് ഏതെങ്കിലുമൊരു ആരാധന സമർപ്പിക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം. അല്ലാഹുവിൻ്റെ ആരാധനക്കുള്ള അവകാശത്തിലോ സൃഷ്ടികർതൃത്വത്തിലോ നാമഗുണവിശേഷണങ്ങളിലോ സൃഷ്ടികളെ അവനോട് തുല്യരായി ഗണിക്കുന്നതും ശിർക്ക് തന്നെ. 2- മാതാപിതാക്കളെ ഉപദ്രവിക്കൽ. വാക്ക് കൊണ്ടോ പ്രവർത്തനം കൊണ്ടോ മാതാവിനെയോ പിതാവിനെയോ ഏത് നിലക്ക് ഉപദ്രവിച്ചാലും അത് ഈ പറഞ്ഞതിൽ ഉൾപ്പെടും. അവരോട് രണ്ട് പേരോടും നന്മ ചെയ്യാതിരിക്കുന്നതും അതിൽ ഉൾപ്പെടും. 3- വ്യാജവാക്ക്. കള്ളസാക്ഷ്യം അതിൽ പെടുന്നതാണ്. സമ്പത്ത് അന്യായമായി കൈക്കലാക്കുന്നതിനോ, അഭിമാനത്തെ വ്രണപ്പെടുത്താനോ മറ്റോ വേണ്ടി ഒരാളെ ഇകഴ്ത്തി പറയുന്ന എല്ലാ കെട്ടിയുണ്ടാക്കപ്പെട്ട കള്ളവാക്കുമാണ് അത് കൊണ്ട് ഉദ്ദേശ്യം. കള്ളസാക്ഷ്യത്തിൻറെ മ്ലേഛത ബോധ്യപ്പെടുത്തുന്നതിനും സമൂഹത്തിൽ അതുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് താക്കീത് ചെയ്യുന്നതിനും വേണ്ടിയാണ് നബി -ﷺ- അക്കാര്യം ആവർത്തിച്ചു കൊണ്ടേയിരുന്നത്. നബി -ﷺ- യോടുള്ള അനുകമ്പയും, അവിടുത്തേക്ക് പ്രയാസം സൃഷ്ടിക്കുന്നതിലുള്ള അനിഷ്ടവും കാരണം "അവിടുന്ന് മിണ്ടാതിരുന്നെങ്കിൽ!" എന്ന് സ്വഹാബികൾ പറഞ്ഞുപോകുവോളം നബി -ﷺ- അത് ആവർത്തിച്ചു കൊണ്ടിരുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • തിന്മകളിൽ ഏറ്റവും ഗൗരവപ്പെട്ടത് അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്കാണ്. കാരണം ഏറ്റവും വലിയ വൻപാപവും അതിൻ്റെ മൂലസ്തംഭവും അതാണ്. അല്ലാഹു ഖുർആനിൽ പറഞ്ഞ വാക്ക് ഈ പാഠം തന്നെയാണ് പഠിപ്പിക്കുന്നത്: "തീർച്ചയായും അല്ലാഹു അവനിൽ പങ്കുചേർക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിൽ താഴെയുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തു നൽകുന്നതാണ്."
  • മാതാപിതാക്കളുടെ അവകാശങ്ങൾക്കുള്ള പ്രാധാന്യവും ഗൗരവവും. അല്ലാഹുവിൻ്റെ അവകാശത്തോടൊപ്പമാണ് അവരുടെ കാര്യം എടുത്തു പറയപ്പെട്ടിരിക്കുന്നത്.
  • തിന്മകളെ വൻപാപങ്ങളെന്നും ചെറുപാപങ്ങളെന്നും വേർതിരിക്കാം. ഇഹലോകത്ത് ശിക്ഷാനടപടി നിശ്ചയിക്കപ്പെട്ടതോ, ശാപാർഹമായതോ, പരലോകത്ത് നരകപ്രവേശനം പോലുള്ള ശിക്ഷ താക്കീത് ചെയ്യപ്പെട്ടതോ ആയ തിന്മകളെല്ലാം വൻപാപങ്ങളാണ്. അവയിൽ ചിലത് അതീവ ഭീകരവും, മറ്റുള്ളവ അതിൽ താഴെയുമാണ്. അതിൻ്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിലെ വിലക്കിൻ്റെ ശക്തിയിലും വ്യത്യാസമുണ്ടായിരിക്കും. വൻപാപങ്ങളിൽ പെടാത്തതെല്ലാം ചെറുപാപങ്ങളാണ്.