ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് ഒരാൾ വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, എൻ്റെ സമ്പത്ത് കവർന്നെടുക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരാൾ വന്നെത്തിയാൽ ഞാൻ എന്തു ചെയ്യണം? നബി -ﷺ- പറഞ്ഞു: "നിൻ്റെ സമ്പത്ത് അയാൾക്ക് നൽകാനോ ഏൽപ്പിക്കാനോ നീ ബാധ്യസ്ഥനല്ല." അയാൾ ചോദിച്ചു: അയാൾ എന്നോട് അതിൻ്റെ പേരിൽ പോരടിക്കുകയാണെങ്കിലോ?! നബി -ﷺ- പറഞ്ഞു: അയാളോട് പോരടിക്കാൻ നിനക്ക് അനുവാദമുണ്ട്. അയാൾ ചോദിച്ചു: അയാൾ എന്നെ കൊലപ്പെടുത്തുകയാണെങ്കിലോ? നബി -ﷺ- പറഞ്ഞു: എങ്കിൽ നീ ശഹീദാണ് (രക്തസാക്ഷി). അയാൾ ചോദിച്ചു: ഞാൻ അയാളെ കൊലപ്പെടുത്തുകയാണെങ്കിലോ? നബി -ﷺ- പറഞ്ഞു: "എങ്കിൽ അന്ത്യനാളിൽ നരകശിക്ഷക്ക് അർഹനായിരിക്കും അയാൾ."