നബി (ﷺ) യുടെ കാലഘട്ടത്തിൽ അവിടുത്തേക്ക് ശേഷമുള്ള നാല് ഖലീഫമാരുടെ കാലഘട്ടത്തിലും ചെറിയ കുട്ടികൾക്കും വലിയവർക്കുമായി ഒരു സ്വാഅ് ഭക്ഷണമാണ് മുസ്‌ലിംകൾ ഫിത്വർ സകാത്തായി നൽകാറുണ്ടായിരുന്നത്. അവരുടെ അക്കാലഘട്ടത്തിലെ ഭക്ഷണമായിരുന്ന ഗോതമ്പും ഉണക്കമുന്തിരിയും വെണ്ണയും ഈത്തപ്പഴവുമെല്ലാമാണ് അവർ നൽകാറുണ്ടായിരുന്നത്. ഒരു സ്വാഅ് എന്നാൽ നാല് മുദ്ദുകളാണ്; ഒരു മുദ്ദ് എന്നാൽ ഒത്തവണ്ണമുള്ള ഒരാളുടെ രണ്ട് കൈക്കുമ്പിളിലുമായി കൊള്ളുന്നത്രയും. പിന്നീട് മുആവിയഃ (رضي الله عنه) ഖലീഫയായി. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ ശാമിൽ നിന്നുള്ള ഗോതമ്പ് അധികരിച്ചിരുന്നു. അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തിൽ ഇപ്രകാരം പറഞ്ഞു: "ശാമിലെ ഗോതമ്പ് അര സ്വാഅ് നൽകുന്നത് ഒരു സ്വാഅ് ഈത്തപ്പഴത്തിന് പകരമാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്." അദ്ദേഹം ഇത് പറഞ്ഞതോടെ ജനങ്ങൾ ഈ അഭിപ്രായം സ്വീകരിക്കാൻ തുടങ്ങി. എന്നാൽ അബൂ സഈദ് (رضي الله عنه) പറയുന്നു: "ഞാൻ നബി (ﷺ) യുടെ കാലഘട്ടത്തിൽ കൊടുത്തു കൊണ്ടിരുന്നത് എന്താണോ, അതു തന്നെ ഇപ്പോഴും കൊടുത്തു കൊണ്ടിരിക്കുന്നു. ഇനി ഞാൻ ജീവിക്കുന്ന കാലത്തോളം അതിൽ മാറ്റമുണ്ടാകുന്നതല്ല."