റമദാനിലെ നോമ്പിന് ശേഷം ഫിത്വർ സകാത്ത് നൽകുക എന്നത് നബി (ﷺ) നിർബന്ധമാക്കിയിരിക്കുന്നു. ഒരു സ്വാഅ് (നാല് മുദ്ദുകൾ) ഭക്ഷണമാണ് അതിൻ്റെ അളവായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. മുദ്ദ് എന്നാൽ ഒത്ത വണ്ണമുള്ള ഒരാളുടെ കൈക്കുമ്പിളുകൾ നിറയെ വരുന്നത്രയാണ്. ഈത്തപ്പഴമോ ഗോതമ്പോ പോലുള്ള ഭക്ഷണം ഓരോ മുസ്‌ലിമിൻ്റെയും മേൽ നൽകുക എന്നത് ബാധ്യതയാണ്. അത് സ്വതന്ത്രനോ അടിമയോ, പുരുഷനോ സ്ത്രീയോ, ചെറിയ കുട്ടിയോ വലിയവരോ ആണെന്ന വ്യത്യാസമില്ല. തനിക്കും തൻ്റെ കീഴിലുള്ളവർക്കും ഒരു പകലും രാത്രിയും കഴിയാൻ ആവശ്യമുള്ള ഭക്ഷണത്തിലധികം കൈവശമുള്ളവരുടെ മേലെല്ലാം ഇത് നിർബന്ധമാണ്. ജനങ്ങൾ പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യണമെന്നും നബി (ﷺ) കൽപ്പിച്ചിരിക്കുന്നു.