താബിഈങ്ങളിൽ പെട്ട മാലിക് ബ്നു ഔസ് -رَحِمَهُ اللَّهُ- തൻ്റെ പക്കലുള്ള സ്വർണ്ണത്തിൻ്റെ ദീനാറുകൾ വെള്ളിയുടെ ദിർഹമുകൾക്ക് പകരമായി കൈമാറ്റം ചെയ്യാൻ ശ്രമിച്ച കാര്യമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഈ ആവശ്യം കേട്ടപ്പോൾ സ്വഹാബിയായ ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നിൻ്റെ സ്വർണ്ണത്തിൻ്റെ ദീനാറുകൾ എനിക്ക് തരിക. ഞാൻ അവ പരിശോധിക്കട്ടെ." അവ വാങ്ങാമെന്ന് തീരുമാനമായപ്പോൾ അദ്ദേഹം പറഞ്ഞു: "എൻ്റെ സേവകൻ വന്നെത്തിയാൽ നീ എൻ്റെ അടുത്ത് വരിക. അപ്പോൾ നിനക്ക് വെള്ളിയുടെ ദിർഹമുകൾ ഞാൻ പകരം നൽകാം." ഈ സംഭവം നടക്കുമ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- ആ സദസ്സിൽ സന്നിഹിതനായിരുന്നു. അദ്ദേഹം ഈ കച്ചവടരീതിയെ ഉടൻ തന്നെ തിരുത്തി. ഒന്നുകിൽ വെള്ളി ഇപ്പോൾ തന്നെ മാലികിന് നൽകുകയോ, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ സ്വർണ്ണം തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് ഉമർ -رَضِيَ اللَّهُ عَنْهُ- ത്വൽഹ -رَضِيَ اللَّهُ عَنْهُ- വിനോട് കൽപ്പിച്ചു. തൻ്റെ എതിർപ്പിനുള്ള കാരണം നബി -ﷺ- യുടെ ഹദീഥാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണത്തിന് പകരം വെള്ളിയോ -അതല്ലെങ്കിൽ മറിച്ചോ- കൈമാറ്റം ചെയ്യുമ്പോൾ ആ കച്ചവടം റൊക്കമായി -ഒരേ സമയം തന്നെ- നടന്നിരിക്കണമെന്ന് നബി -ﷺ- പഠിപ്പിച്ചിട്ടുണ്ട്. അതല്ലെങ്കിൽ നിഷിദ്ധമായ പലിശയിലാണ് ആ കച്ചവടം ഉൾപ്പെടുക. അതാകട്ടെ, നിഷിദ്ധവും അസാധുവുമായ കച്ചവടമാണ്. അതിനാൽ സ്വർണ്ണത്തിന് പകരം വെള്ളിയോ വെള്ളിക്ക് പകരം സ്വർണ്ണമോ കൈമാറ്റം ചെയ്യുന്നുവെങ്കിൽ അത് റൊക്കമായിരിക്കുകയും രണ്ടു പേരും തങ്ങൾക്ക് അവകാശപ്പെട്ടത് ഒരേ സമയം കൈമാറിയിരിക്കുകയും വേണം. ഗോതമ്പിന് പകരം ഗോതമ്പ് കൈമാറുന്നതും, ചോളത്തിന് പകരം ചോളം കൈമാറുന്നതും, ബാർളിക്ക് പകരം ബാർളി കൈമാറുന്നതും, ഈത്തപ്പഴത്തിന് പകരമായി ഈത്തപ്പഴം കൈമാറുന്നതിലും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്; ഇവയെല്ലാം ഒരേ സമയം റൊക്കമായി കൈമാറുകയും, ഒരേ അളവിൽ (ഉദാഹരണത്തിന് ഒരു കിലോക്ക് പകരം ഒരു കിലോ തന്നെ) കൈമാറ്റം ചെയ്യുകയും വേണം. അവയിൽ ഒന്ന് ഒരു സമയത്ത് നൽകുകയും, അതിന് പകരമുള്ളത് അതേ സമയം തന്നെ കൈമാറുകയും ചെയ്തിരിക്കണം. രണ്ടും കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപ് കച്ചവടത്തിൽ നിന്ന് പിരിയാൻ പാടില്ല.