ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. രാത്രിയിൽ ഉറക്കമുണർന്നപ്പോൾ അവിടുന്ന് എൻ്റെ അടുക്കലില്ല എന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് മുറിയിൽ നിസ്കരിക്കാറുണ്ടായിരുന്ന സ്ഥലത്ത് ഞാൻ എൻ്റെ കൈകൾ കൊണ്ട് പരതിനോക്കി. അപ്പോഴുണ്ട് നബി -ﷺ- സുജൂദിലായിക്കൊണ്ട് നിസ്കരിക്കുന്നു; അവിടുത്തെ കാൽപ്പാദങ്ങൾ കുത്തിനിർത്തിയ നിലയിലായിരുന്നു അവിടുന്ന്. അവിടുന്ന് പറയുന്നുണ്ടായിരുന്നു: اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ അല്ലാഹുവേ! നീ എന്നോടോ എൻ്റെ ഉമ്മത്തിനോടോ കോപിക്കുന്നതിൽ നിന്ന് നിൻ്റെ തൃപ്തി മുഖേന ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നിൻ്റെ വിട്ടുവീഴ്ച്ച കൊണ്ടും അതിരില്ലാത്ത പാപമോചനം കൊണ്ടും നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. وَأَعُوذُ بِكَ مِنْكَ : നിന്നിൽ നിന്ന് നിന്നെ കൊണ്ടും ഞാൻ രക്ഷ തേടുന്നു; നിൻ്റെ ഭംഗിയുടെ വിശേഷണങ്ങൾ കൊണ്ട് നിൻ്റെ ഗാംഭീര്യത്തിൻ്റെ വിശേഷണങ്ങളിൽ നിന്ന് ഞാൻ രക്ഷ തേടുന്നു. കാരണം നിന്നിൽ നിന്ന് രക്ഷ നൽകാൻ നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ നിന്ന് രക്ഷതേടാനോ അഭയം കണ്ടെത്താനോ അല്ലാഹുവല്ലാതെ മറ്റാരുമില്ല. لَا أُحْصِي ثَنَاءً عَلَيْكَ : നിൻ്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനോ നിൻ്റെ നന്മകൾ പൂർണ്ണമായി എണ്ണിപ്പറയാനോ എനിക്ക് സാധിക്കുകയില്ല. ഞാൻ എത്ര ശ്രമിച്ചാലും നീ അർഹിക്കുന്ന വിധത്തിൽ നിന്നെ പ്രകീർത്തിക്കാൻ എനിക്ക് സാധ്യമല്ല. أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ : നിനക്ക് അനുയോജ്യമായ സ്തുതികീർത്തനങ്ങൾ നിന്നെ കുറിച്ച് നീ തന്നെ അറിയിച്ചു തന്നിരിക്കുന്നു. നിനക്ക് അർഹമായ വിധത്തിൽ നിന്നെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യാൻ ആർക്കാണ് സാധിക്കുക.